റയൽ മാഡ്രിഡും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു
ജിറോണയുമായുള്ള മത്സരത്തിലെ റഫറിംഗുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ, റയൽ മാഡ്രിഡും റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും (RFEF) തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതായി ഡയറിയോ എഎസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്.
റഫറി അൽവെറോല റോജാസിന്റെ തീരുമാനങ്ങൾ മത്സരത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ബോക്സിനുള്ളിൽ വെച്ച് വിറ്റർ റെയിസിന്റെ കൈമുട്ട് കൊണ്ട് കിലിയൻ എംബാപ്പെയ്ക്ക് പരിക്കേറ്റു. താരത്തിന്റെ നെറ്റിയിൽ മുറിവേൽക്കുകയും രക്തം വരികയും ചെയ്തെങ്കിലും, പെനാൽറ്റി നൽകാനോ വാർ (VAR) പരിശോധിക്കാനോ റഫറി തയ്യാറായില്ല. ഇത് റയൽ മാഡ്രിഡിനെ കടുത്ത അതൃപ്തിയിലാക്കി.
റഫറിംഗിലെ നിലവാരത്തെ ചൊല്ലി നേരത്തെ തന്നെ റയൽ മാഡ്രിഡും RFEF-ഉം തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. പുതിയ സംഭവത്തോടെ ഇരുപക്ഷവും തമ്മിലുള്ള അകലം വർദ്ധിക്കുകയാണ്.
റഫറിംഗിന്റെ കാര്യത്തിൽ സ്പാനിഷ് ലീഗിൽ പക്ഷപാതപരമായ തീരുമാനങ്ങളാണ് നടക്കുന്നതെന്ന് ലോസ് ബ്ലാങ്കോസ് വിശ്വസിക്കുന്നതായി ഡയറിയോ എഎസ് റിപ്പോർട്ടിൽ പറയുന്നു.

