ബാഴ്സലോണ ടീമിലെ മാറ്റങ്ങൾ; പെഡ്രിയുടെയും ലമീൻ യമാലിന്റെയും ഗാവിയുടെയും വിശേഷങ്ങൾ പങ്കുവെച്ച് ഹാൻസി ഫ്ലിക്ക്
വരാനിരിക്കുന്ന മത്സരങ്ങൾക്ക് മുന്നോടിയായി ബാഴ്സലോണ ടീമിലെ പ്രധാന താരങ്ങളായ പെഡ്രി, ലമീൻ യമാൽ, ഗാവി എന്നിവരുടെ അവസ്ഥയെക്കുറിച്ചും ടീം മാനേജ്മെന്റിനെക്കുറിച്ചും പരിശീലകൻ ഹാൻസി ഫ്ലിക്ക് പ്രതികരിച്ചു.
ടീമിലെ താരങ്ങളുടെ മാനസികമായ തയ്യാറെടുപ്പുകൾ താൻ നിത്യവും ശ്രദ്ധിക്കാറുണ്ടെന്ന് വ്യക്തമാക്കിയ ഫ്ലിക്ക്, ആക്രമണ നിരയിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്ന സൂചനയും നൽകി.
“താരങ്ങളുടെ മാനസികാവസ്ഥയിൽ മാറ്റം വരുത്തുക എന്നത് ഒട്ടും സങ്കീർണ്ണമല്ല, അത് ഞങ്ങളുടെ ജോലിയാണ്. പെഡ്രി ഇപ്പോൾ മികച്ച അവസ്ഥയിലാണ്. ലമീൻ യമാലിനെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറക്കാൻ സാധ്യതയുണ്ട്,” ഫ്ലിക്ക് പറഞ്ഞു.
പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ഗാവിയുടെ പ്രകടനത്തെയും ഫ്ലിക്ക് അഭിനന്ദിച്ചു. താരം ടീമിൽ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം പിടിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
“ഗാവി വളരെ മികച്ച രീതിയിലാണ് കളിക്കുന്നത്, പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. കഴിഞ്ഞ പരിക്കിന് ശേഷമുള്ള തിരിച്ചുവരവിനേക്കാൾ മികച്ച രീതിയിലാണ് അവൻ ഇപ്പോൾ കളിക്കുന്നത്. അതുകൊണ്ടാണ് അവനെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തുന്നത്, അവൻ ടീമിന് വലിയൊരു മുതൽക്കൂട്ടാണ്,” ഫ്ലിക്ക് കൂട്ടിച്ചേർത്തു.

