പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി കോവൻട്രി സിറ്റി
ചാമ്പ്യൻഷിപ്പ് സീസൺ അവസാനിക്കാൻ മൂന്ന് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ കോവൻട്രി സിറ്റി ഔദ്യോഗികമായി പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി.
ബ്ലാക്ക്ബേൺ റോവേഴ്‌സുമായുള്ള മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞതോടെയാണ് ഫ്രാങ്ക് ലാംപാർഡിന്റെ ടീം ഈ നേട്ടം കൈവരിച്ചത്. മത്സരത്തിന്റെ 84-ാം മിനിറ്റിൽ ബോബി തോമസ് നേടിയ ഗോളാണ് കോവൻട്രിക്ക് നിർണായക സമനില സമ്മാനിച്ചത്.
25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോവൻട്രി സിറ്റി പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നത്. ഈ കാലയളവിനിടയിൽ ലീഗ് ടു വരെ തരംതാഴ്ത്തപ്പെട്ട ക്ലബ്ബ് 2020-ൽ മാത്രമാണ് ചാമ്പ്യൻഷിപ്പിലേക്ക് തിരിച്ചെത്തിയത്.
ചെൽസി, എവർട്ടൺ ടീമുകൾക്കൊപ്പം സമ്മിശ്ര പ്രകടനം കാഴ്ചവെച്ച ഫ്രാങ്ക് ലാംപാർഡിന് ഒരു പ്രീമിയർ ലീഗ് ടീമിനെ പരിശീലിപ്പിക്കാനുള്ള മൂന്നാമത്തെ അവസരമാണിത്.

