റയൽ മാഡ്രിഡിൽ വിനീഷ്യസ് ജൂനിയർ തുടരും; കരാർ ദീർഘിപ്പിക്കാൻ ധാരണ
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറുമായുള്ള കരാർ ദീർഘിപ്പിക്കാൻ ക്ലബ്ബ് തത്വത്തിൽ ധാരണയിലെത്തി. സ്കൈ സ്പോർട്സ് ജർമ്മനിയുടെ ഫ്ലോറിയൻ പ്ലെറ്റൻബർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കരാറിന്റെ അന്തിമ നടപടികൾ പൂർത്തിയാകാൻ ഇനിയും സമയമെടുക്കും. എന്നാൽ, ടീമിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരം കിലിയൻ എംബാപ്പേ തന്നെയായിരിക്കുമെന്ന കാര്യത്തിൽ ക്ലബ്ബ് ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്.
നിലവിൽ 2027 വരെയാണ് വിനീഷ്യസിന് ക്ലബ്ബുമായി കരാറുള്ളത്. ഒരു ബില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. റയൽ മാഡ്രിഡിനായി നിരവധി ലാ ലിഗ കിരീടങ്ങളും 2022-ലെ ചാമ്പ്യൻസ് ലീഗ് കിരീടവും നേടിക്കൊടുക്കുന്നതിൽ വിനീഷ്യസ് നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
2025-ന്റെ തുടക്കം മുതൽ തുടങ്ങിയ ചർച്ചകൾ പ്രതിഫലത്തെ ചൊല്ലി തടസ്സങ്ങൾ നേരിട്ടിരുന്നു. ഏകദേശം 30 ദശലക്ഷം യൂറോയാണ് പ്രതിവർഷം വിനീഷ്യസ് ആവശ്യപ്പെട്ടിരുന്നത്. സൗദി ക്ലബ്ബുകളിൽ നിന്ന് വിനീഷ്യസിന് വലിയ ഓഫറുകൾ ലഭിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ക്ലബ്ബ് കരാർ പുതുക്കാൻ മുൻകൈ എടുത്തത്.
ഈ കരാർ നീട്ടുന്നതോടെ 25-കാരനായ വിനീഷ്യസ് 2030 വരെ റയൽ മാഡ്രിഡിനൊപ്പം തുടരും. 2025-26 സീസണിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ വിനീഷ്യസിനെ ടീമിൽ നിലനിർത്തുന്നത് മാഡ്രിഡിന്റെ ആക്രമണ നിരയ്ക്ക് വലിയ കരുത്താകും.
ക്ലബ്ബിന്റെ വേതന ഘടനയിൽ മാറ്റം വരാത്ത രീതിയിൽ ബോണസുകൾ ഉൾപ്പെടുത്തിയാകും പുതിയ കരാർ തയ്യാറാക്കുകയെന്ന് ക്ലബ്ബ് വൃത്തങ്ങൾ അറിയിച്ചു.

