മൈക്കൽ ഒലിസെ ലോകോത്തര നിലവാരമുള്ള താരം: ബാസ്റ്റിൻ ഷ്വീൻസ്റ്റൈഗർ
ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന മൈക്കൽ ഒലിസെയെ വാനോളം പുകഴ്ത്തി ബയേൺ ഇതിഹാസം ബാസ്റ്റിൻ ഷ്വീൻസ്റ്റൈഗർ. ഒലിസെ ലോകോത്തര നിലവാരത്തിലുള്ള താരമാണെന്ന് അബെൻസൈടുങ് മ്യൂണിക്കിന് നൽകിയ അഭിമുഖത്തിൽ ഷ്വീൻസ്റ്റൈഗർ പറഞ്ഞു.
അവിശ്വസനീയമായ വേഗതയും ചാരുതയുമാണ് ഫ്രഞ്ച് താരത്തിന്റെ പ്രത്യേകത. പന്തിൽ കൃത്യസമയത്ത് ഇടപെടാനുള്ള അദ്ദേഹത്തിന്റെ കഴിവ് വളരെ മികച്ചതാണെന്നും ഷ്വീൻസ്റ്റൈഗർ കൂട്ടിച്ചേർത്തു.
കളത്തിന് പുറത്ത് വളരെ ശാന്തനായ വ്യക്തിത്വമാണ് ഒലിസെയുടേത്. ഇത്രയും ലളിതമായ ജീവിതശൈലി പിന്തുടരുന്ന ഒരാളെ കാണുന്നത് പുതിയ കാര്യമാണെന്നും, അത് അദ്ദേഹത്തിന് ഊർജ്ജം നൽകുന്നുണ്ടെങ്കിൽ ബയേണിന് അത് വലിയ ഗുണകരമാണെന്നും മുൻ താരം വ്യക്തമാക്കി.
എങ്കിലും ഒലിസെ തന്റെ വലതുകാൽ കൂടി കൂടുതൽ ഉപയോഗിക്കണമെന്നാണ് ഷ്വീൻസ്റ്റൈഗറിന്റെ ആഗ്രഹം. ഫ്രാങ്ക് റിബേറിയെപ്പോലെ ഇരു കാലുകൾ കൊണ്ടും ഫിനിഷിംഗ് നടത്താൻ താരത്തിന് കഴിയണം. നിലവിൽ ആര്യൻ റോബന്റെ ശൈലിയാണ് ഒലിസെയുടെ കളിയെന്നും ഷ്വീൻസ്റ്റൈഗർ നിരീക്ഷിച്ചു.

