ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ: ആഴ്സണൽ-അത്ലറ്റിക്കോ പോരാട്ടം കടുക്കുമെന്ന് റോബർട്ടസ് പിരസ്
ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ രണ്ടാം പാദത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നടക്കുന്നത് കടുത്ത തന്ത്രപരമായ പോരാട്ടമായിരിക്കുമെന്ന് ആഴ്സണൽ ഇതിഹാസം റോബർട്ട് പിരസ് അഭിപ്രായപ്പെട്ടു. ഇരു ടീമുകളും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു.
സ്പെയിനിൽ നടന്ന ആദ്യ പാദ മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചിരുന്നു. ഇതോടെ മെയ് 5-ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിലാണ് ഫൈനൽ പ്രവേശനം ഉറപ്പിക്കാനുള്ള ഇരു ടീമുകളുടെയും വിധി നിർണയിക്കപ്പെടുക.
ഇതൊരു കടുപ്പമേറിയ പോരാട്ടമായിരിക്കുമെന്ന് പിരസ് പ്രതീക്ഷിക്കുന്നു. അച്ചടക്കമുള്ള ശൈലിയിൽ കളിക്കുന്ന ഇരു ടീമുകളും അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“രണ്ട് ടീമുകൾക്കും ഇത് സങ്കീർണ്ണവും ബുദ്ധിമുട്ടേറിയതുമാണ്. അത്ലറ്റിക്കോയും ആഴ്സണലും എങ്ങനെയാണ് കളിക്കുന്നതെന്ന് നമുക്കറിയാം. വളരെ പ്രതിരോധപരമായ ശൈലിയാണിവരുടേത്. ചിലർക്ക് ഇത് അരോചകമായി തോന്നാം, എന്നാൽ ഇത്തരത്തിൽ കളിക്കുന്നതും സാധുവായ ഒരു രീതിയാണെന്ന് ഞാൻ കരുതുന്നു. ഇത് എളുപ്പമുള്ള കാര്യമല്ല, രണ്ട് ടീമുകളും ഇത് വളരെ മികച്ച രീതിയിൽ ചെയ്യുന്നുണ്ട്,” പിരസ് വ്യക്തമാക്കി.
“പിഎസ്ജി-ബയേൺ മ്യൂണിക്ക് മത്സരവുമായി ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ല. അതൊരു വ്യത്യസ്തമായ കളിരീതിയാണ്. രണ്ട് ശൈലികളും എനിക്ക് ഇഷ്ടമാണ്, കാരണം മൈതാനത്ത് നടപ്പിലാക്കാൻ രണ്ട് ശൈലികളും ഒരുപോലെ പ്രയാസകരമാണ്.”
“അത്ലറ്റിക്കോയുമായുള്ള മത്സരം കടുപ്പമായിരിക്കും. കഴിഞ്ഞ നവംബറിൽ അവർ ഇവിടെ വന്ന് 4-0ന് തോറ്റിരുന്നു. അതുകൊണ്ട് തന്നെ അവർ കൂടുതൽ അധ്വാനിക്കേണ്ടി വരുമെന്ന് അവർക്കറിയാം. ആഴ്സണൽ പന്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കും, കാരണം അതിന് കഴിവുള്ള കളിക്കാർ അവർക്കുണ്ട്. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദം തീപാറുന്ന പോരാട്ടമായിരിക്കും,” പിരസ് കൂട്ടിച്ചേർത്തു.

