സമ്മർ ട്രാൻസ്ഫർ വിൻഡോ: യുവന്റസ് താരം കെനാൻ യിൽദിസിനെ നോട്ടമിട്ട് റയൽ മാഡ്രിഡ്
വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസ് ഫോർവേഡ് കെനാൻ യിൽദിസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് പദ്ധതിയിടുന്നു.
തുർക്കി ദേശീയ താരമായ യിൽദിസ് സെരി എയിൽ മികച്ച പ്രകടനമാണ് ഈ സീസണിൽ കാഴ്ചവെച്ചത്. എല്ലാ മത്സരങ്ങളിലുമായി 45 തവണ ജഴ്സിയണിഞ്ഞ താരം 11 ഗോളുകളും 10 അസിസ്റ്റുകളും സ്വന്തം പേരിലാക്കി.
കഴിഞ്ഞ സീസണിൽ കിരീടങ്ങളൊന്നും നേടാനാവാതെ പോയതോടെ, ടീമിന്റെ ആക്രമണം, പ്രതിരോധം, മധ്യനിര എന്നിവ ശക്തിപ്പെടുത്താനാണ് റയൽ മാഡ്രിഡ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി യുവതാരത്തെ ടീമിലെത്തിക്കാൻ പെരസിന് പ്രത്യേക താൽപ്പര്യമുണ്ട്.
എങ്കിലും യിൽദിസിനെ സൈൻ ചെയ്യുക എന്നത് റയലിന് അത്ര എളുപ്പമായിരിക്കില്ല. താരം അടുത്തിടെ 2030 വരെ നീളുന്ന പുതിയ കരാറിൽ ഒപ്പിട്ടിരുന്നു. അതിനാൽ തന്നെ താരത്തെ ടീമിലെത്തിക്കാൻ വലിയൊരു തുക തന്നെ ചെലവഴിക്കേണ്ടി വരും.
സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനായില്ലെങ്കിൽ താരങ്ങളെ വിൽക്കാൻ യുവന്റസ് നിർബന്ധിതരായേക്കാം. എന്നാൽ റയൽ മാഡ്രിഡിൽ കിലിയൻ എംബാപ്പെയും വിനീഷ്യസ് ജൂനിയറും ഉള്ള സാഹചര്യത്തിൽ, യിൽദിസിനെ ടീമിൽ ഉൾപ്പെടുത്തുന്നത് വലിയൊരു തന്ത്രപരമായ വെല്ലുവിളിയായിരിക്കും.

