മാഞ്ചസ്റ്റർ യുണൈറ്റഡ് സീസൺ അവസാന ആഘോഷങ്ങൾ വേണ്ടെന്ന് വെച്ചു
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണയും തങ്ങളുടെ സീസൺ അവസാന പുരസ്കാര നിശ സംഘടിപ്പിക്കില്ലെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയിട്ടും തുടർച്ചയായ മൂന്നാം വർഷമാണ് ക്ലബ്ബ് ഈ പരിപാടി ഒഴിവാക്കുന്നത്.
2024-ൽ മോശം പ്രകടനത്തെ തുടർന്നാണ് ഓൾഡ് ട്രാഫോർഡിലെ പരമ്പരാഗത ഗാല പരിപാടി ആദ്യമായി റദ്ദാക്കിയത്. കഴിഞ്ഞ വർഷവും പ്രയാസകരമായ സീസണിനെ തുടർന്ന് ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു.
ലിവർപൂളിനെതിരായ നിർണായക ജയത്തോടെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഉറപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ്, മൈക്കൽ കാരിക്കിന്റെ കീഴിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് ഒരുങ്ങുന്നത്.
സീസണിലെ മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും, പുരുഷ-വനിതാ ടീമുകൾക്കുള്ള പുരസ്കാരങ്ങളും അംഗീകാരങ്ങളും ഈ മാസം അവസാനം ക്ലബ്ബിന്റെ കാറിംഗ്ടൺ പരിശീലന ഗ്രൗണ്ടിൽ വെച്ച് വളരെ ലളിതമായി നടത്തുവാൻ തീരുമാനിച്ചു.
യുണൈറ്റഡിനെപ്പോലൊരു വലിയ ക്ലബ്ബ് ടോപ്പ് ഫൈവ് ഫിനിഷിംഗിൽ ആഘോഷങ്ങൾ നടത്തേണ്ടതില്ലെന്ന മൈക്കൽ കാരിക്കിന്റെ നിലപാടിന്റെ ഭാഗമായാണ് വലിയ ആഘോഷ പരിപാടികൾ ഒഴിവാക്കിയതെന്നാണ് വിവരം.

