യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആഴ്സണൽ; ആവേശത്തിൽ മിക്കൽ ആർട്ടേറ്റ
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ 1-0 എന്ന സ്കോറിന് തോൽപ്പിച്ച് ആഴ്സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറി. ഈ വിജയത്തിന് പിന്നാലെ ടീമിന്റെ പ്രകടനത്തെയും ആരാധകരുടെ പിന്തുണയെയും പരിശീലകൻ മിക്കൽ ആർട്ടേറ്റ വാനോളം പ്രശംസിച്ചു.
“തുടക്കം മുതൽ തന്നെ അവിശ്വസനീയമായ അന്തരീക്ഷമായിരുന്നു. സ്റ്റേഡിയത്തിലേക്ക് ഞങ്ങളെ സ്വീകരിച്ച രീതി വളരെ മികച്ചതാണ്. അവർ നിശ്ചയിച്ച നിലവാരത്തിനൊത്ത് കളിക്കാൻ ഞങ്ങൾ ശ്രമിച്ചു! ആരാധകരുടെ കണ്ണുകളിലെ അഭിമാനം കാണുന്നത് തന്നെ മനോഹരമായ അനുഭവമാണ്,” ആർട്ടേറ്റ പറഞ്ഞു.
വിജയഗോൾ നേടിയ ബുക്കായോ സാക്കയെയും ആർട്ടേറ്റ പ്രത്യേകം അഭിനന്ദിച്ചു. “മത്സരത്തിന്റെ ഫലം നിർണയിക്കാൻ ഒരാൾക്ക് പ്രത്യേക കഴിവ് ആവശ്യമായിരുന്നു, ബുക്കായോ തീർച്ചയായും അത്തരമൊരു താരമാണ്. ക്ലബ്ബിലെ എല്ലാവർക്കും അദ്ദേഹം പ്രിയപ്പെട്ടവനാണ്. നിർണായകമായ ആ നിമിഷത്തിൽ ഗോൾ നേടിയത് അവനായതിൽ എനിക്ക് വലിയ സന്തോഷമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

