ആന്റണി ഗോർഡൻ ഇല്ലാതെ മുന്നോട്ട് പോകാൻ തയ്യാറെടുത്ത് ന്യൂകാസിൽ; വ്യക്തത വരുത്തി എഡ്ഡി ഹോവ്
ന്യൂകാസിൽ യുണൈറ്റഡ് താരം ആന്റണി ഗോർഡൻ ഇല്ലാത്ത ടീമിനെയാണ് താൻ ഇപ്പോൾ ഒരുക്കുന്നതെന്ന് പരിശീലകൻ എഡ്ഡി ഹോവ് വ്യക്തമാക്കി. കഴിഞ്ഞ നാല് മത്സരങ്ങളിലും ഗോർഡനെ അദ്ദേഹം ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ താരം കളിക്കാൻ ഫിറ്റ്നസ് വീണ്ടെടുത്ത രണ്ട് മത്സരങ്ങളും ഉൾപ്പെടും.
ഗോർഡനെ ഒഴിവാക്കിയ തീരുമാനം താരത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ടാണോ എന്ന ചോദ്യത്തിന്, അടുത്ത സീസണിനെ മുന്നിൽ കണ്ടാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്ന് ഹോവ് മറുപടി നൽകി. “സീസണിന്റെ ഈ ഘട്ടത്തിൽ സ്വാഭാവികമായും അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ ഞങ്ങൾ നടത്തുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.
“പരിക്കിൽ നിന്ന് മോചിതനായി ആന്റണി മടങ്ങിയെത്തിയതേയുള്ളൂ. അവൻ ഇല്ലാത്തപ്പോഴും ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഭാവി കൂടി കണക്കിലെടുത്താണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്,” ഹോവ് കൂട്ടിച്ചേർത്തു.
ബയേൺ മ്യൂണിക്കിലേക്ക് കൂടുമാറാൻ ആന്റണി ഗോർഡൻ വാക്കാൽ ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് താരത്തിനായി 75 ദശലക്ഷം പൗണ്ടാണ് ന്യൂകാസിൽ വിലയിട്ടിരിക്കുന്നത്.

