പ്രീമിയർ ലീഗ്: നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം
ഈ സീസണിലെ തങ്ങളുടെ അവസാന ഹോം മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 3-2 വിജയം. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിലെ ഈ വിജയത്തോടെ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനം ഉറപ്പിക്കാൻ യുണൈറ്റഡിന് സാധിച്ചു. ഇനി മറ്റു ടീമുകൾക്ക് യുണൈറ്റഡിനെ മറികടക്കാൻ കഴിയില്ല.
മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ലൂക്ക് ഷോയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഗോൾ നേടി. തൊട്ടടുത്ത നിന്ന് പന്ത് വലയിലാക്കി ഷോ ടീമിന് 1-0 ലീഡ് സമ്മാനിച്ചു.
രണ്ടാം പകുതിയിൽ 53-ാം മിനിറ്റിൽ മൊറാത്തോയുടെ ഹെഡർ ഗോളിലൂടെ ഫോറസ്റ്റ് തിരിച്ചടിച്ചു. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ കുൻഹയിലൂടെ യുണൈറ്റഡ് വീണ്ടും ലീഡ് പിടിച്ചു. വിഎആർ (VAR) പരിശോധനയ്ക്ക് ശേഷമാണ് ഗോൾ അനുവദിച്ചത്. സന്ദർശക ടീമായ ഫോറസ്റ്റ് ഇതിനെതിരെ പ്രതിഷേധിച്ചെങ്കിലും ഗോൾ അംഗീകരിക്കപ്പെട്ടു.
76-ാം മിനിറ്റിൽ ബ്രയാൻ എംബ്യൂമോയിലൂടെ യുണൈറ്റഡ് തങ്ങളുടെ ലീഡ് ഉയർത്തി. ബ്രൂണോ ഫെർണാണ്ടസിന്റെ മികച്ച അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ഈ അസിസ്റ്റിലൂടെ പ്രീമിയർ ലീഗിലെ ഒരു സീസണിലെ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ എന്ന റെക്കോർഡിനൊപ്പം ബ്രൂണോ എത്തി.
78-ാം മിനിറ്റിൽ മോർഗൻ ഗിബ്സ്-വൈറ്റ് നോട്ടിംഗ്ഹാം ഫോറസ്റ്റിനായി ഒരു ഗോൾ കൂടി മടക്കിയെങ്കിലും, പിന്നീട് നടന്ന പോരാട്ടങ്ങളിൽ സമനില വഴങ്ങാതെ യുണൈറ്റഡ് വിജയം ഉറപ്പിച്ചു.

