റയൽ മാഡ്രിഡിലേക്ക് തിരിച്ചെത്താൻ ജോസ് മൗറീഞ്ഞോ; ധാരണയായെന്ന് റിപ്പോർട്ട്
ഫുട്ബോൾ പരിശീലകൻ ജോസ് മൗറീഞ്ഞോ റയൽ മാഡ്രിഡിലേക്ക് തിരിച്ചെത്തുന്നു. പോർച്ചുഗീസ് പരിശീലകനും ക്ലബ്ബ് അധികൃതരും തമ്മിലുള്ള ചർച്ചകളിൽ എല്ലാ കാര്യങ്ങളിലും വാക്കാൽ ധാരണയായി. ഔദ്യോഗിക രേഖകളിൽ ഒപ്പുവെക്കൽ മാത്രമാണ് ഇനി ബാക്കിയുള്ളത്.
ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് പ്രകാരം, കരാറുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പൂർത്തിയായിട്ടുണ്ട്. ഔദ്യോഗിക നടപടികൾ പൂർത്തിയായാലുടൻ നിയമനം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
രണ്ടു വർഷത്തേക്കാണ് മൗറീഞ്ഞോയുമായി കരാർ ഒപ്പിടുന്നത്. അത്ലറ്റിക് ക്ലബ്ബിനെതിരായ റയൽ മാഡ്രിഡിന്റെ അവസാന ലാ ലിഗ മത്സരത്തിന് ശേഷം മൗറീഞ്ഞോ മാഡ്രിഡിലെത്തും.
63-കാരനായ മൗറീഞ്ഞോയുടെ സാന്തിയാഗോ ബെർണബ്യൂവിലേക്കുള്ള മടങ്ങിവരവാണിത്. 2010 മുതൽ 2013 വരെ ക്ലബ്ബിനെ പരിശീലിപ്പിച്ച മൗറീഞ്ഞോ, ഈ കാലയളവിൽ റയലിനൊപ്പം ലാ ലിഗയും കോപ്പ ഡെൽ റേ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.

