മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മടങ്ങിയെത്താൻ വില്ലി കബല്ലേറോ; പരിശീലക സംഘത്തിൽ വൻ അഴിച്ചുപണി
ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലക സംഘത്തിൽ വലിയ മാറ്റങ്ങൾ വരുന്നു. ക്ലബ്ബിന്റെ മുൻ ഗോൾകീപ്പറായ വില്ലി കബല്ലേറോ വീണ്ടും എത്തിഹാദ് സ്റ്റേഡിയത്തിലേക്ക് മടങ്ങിയെത്താനൊരുങ്ങുകയാണ്. പുതിയ മാനേജർ എൻസോ മറെസ്കയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിന്റെ പ്രധാന ഭാഗമായിട്ടാകും കബല്ലേറോയുടെ മടങ്ങിവരവ്.
പത്ത് വർഷത്തെ മികച്ച സേവനത്തിന് ശേഷം പെപ് ഗ്വാർഡിയോള പടിയിറങ്ങുമ്പോൾ, അദ്ദേഹത്തിന് പകരക്കാരായി മറെസ്കയും കബല്ലേറോയും അടങ്ങുന്ന സംഘം ചുമതലയേൽക്കും. ലെസ്റ്റർ സിറ്റി, ചെൽസി എന്നീ ക്ലബ്ബുകളിൽ മറെസ്കയുടെ അസിസ്റ്റന്റായി പ്രവർത്തിച്ച കബല്ലേറോ മികച്ച പ്രൊഫഷണൽ ബന്ധമാണ് അദ്ദേഹവുമായി കാത്തുസൂക്ഷിക്കുന്നത്.
2014 മുതൽ 2017 വരെ മാഞ്ചസ്റ്റർ സിറ്റിയിൽ കളിച്ച 44-കാരനായ ഈ അർജന്റീന താരം ആരാധകർക്കിടയിൽ ഇപ്പോഴും വലിയ സ്വാധീനമാണ്.
2016-ലെ ലീഗ് കപ്പിൽ ലിവർപൂളിനെതിരെ മൂന്ന് പെനാൽറ്റികൾ തടുത്തിട്ടതോടെ ക്ലബ്ബിന്റെ ചരിത്രത്തിൽ താരം ശ്രദ്ധേയമായ സ്ഥാനം നേടിയിരുന്നു. സിറ്റിക്കായി ആകെ 47 മത്സരങ്ങളിൽ കബല്ലേറോ കളത്തിലിറങ്ങിയിട്ടുണ്ട്.

