മാർക്കസ് റാഷ്ഫോർഡിനെ സ്വന്തമാക്കാൻ ബാഴ്സലോണ; 30 മില്യൺ യൂറോ കൈമാറാൻ തീരുമാനം
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് മാർക്കസ് റാഷ്ഫോർഡിനെ സ്ഥിരമായി ടീമിലെത്തിക്കാൻ 30 മില്യൺ യൂറോ എന്ന മുഴുവൻ ട്രാൻസ്ഫർ തുകയും നൽകാൻ ബാഴ്സലോണ ഔദ്യോഗികമായി തീരുമാനിച്ചതായി കറ്റലോണിയ റേഡിയോ റിപ്പോർട്ട് ചെയ്യുന്നു.
ഇംഗ്ലീഷ് താരത്തിന്റെ മികച്ച പ്രകടനത്തിൽ മാനേജർ ഹാൻസി ഫ്ലിക്ക് അതീവ സംതൃപ്തനാണ്. ഈ സീസണിന് ശേഷവും താരത്തെ നിലനിർത്തണമെന്ന് ക്ലബ്ബ് അധികൃതരോട് അദ്ദേഹം ശക്തമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
തുടക്കത്തിൽ, ഒരു സീസൺ കൂടി ലോൺ കരാറിൽ താരത്തെ നിലനിർത്താനായിരുന്നു ബാഴ്സലോണ ശ്രമിച്ചത്. അടുത്ത വേനൽക്കാലത്ത് കുറഞ്ഞ തുകയ്ക്ക് താരത്തെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ക്ലബ്ബ് ഇത്തരമൊരു നീക്കം നടത്തിയത്.
എന്നാൽ, തങ്ങളുടെ വിലയിൽ നിന്ന് പിന്നോട്ടില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കർശനമായി നിലപാടെടുത്തു. ഇതോടെ, ഈ തുകയ്ക്ക് സമാന നിലവാരമുള്ള മറ്റൊരു താരത്തെ കണ്ടെത്തുക പ്രയാസമാണെന്ന് തിരിച്ചറിഞ്ഞ ബാഴ്സലോണ പൂർണ്ണ തുക നൽകാൻ തയ്യാറാവുകയായിരുന്നു.
സ്പെയിനിലെ തന്റെ ആദ്യ ലോൺ സീസണിൽ മികച്ച പ്രകടനമാണ് റാഷ്ഫോർഡ് കാഴ്ചവെച്ചത്. ആകെ കളിച്ച 48 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 14 അസിസ്റ്റുകളുമാണ് താരം സ്വന്തമാക്കിയത്.
ക്യാമ്പ് നൗവിൽ തന്നെ തുടരാൻ താരവും ആഗ്രഹിക്കുന്നുണ്ട്. ഈ കൈമാറ്റം യാഥാർത്ഥ്യമാക്കാൻ ശമ്പളത്തിൽ കുറവ് വരുത്തി ദീർഘകാല കരാറിൽ ഒപ്പിടാനും താരം സന്നദ്ധത അറിയിച്ചിട്ടുണ്ട്.

