close
വെള്ളിയാഴ്‌ച, മെയ്‌ 22
Advertisement

ലാലിഗയിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റെഫറിംഗ്; പദ്ധതിയുമായി അധികൃതർ

സ്പാനിഷ് ഫുട്ബോൾ ലീഗായ ലാലിഗയിൽ അടുത്ത സീസൺ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) റെഫറിംഗ് സംവിധാനം പരീക്ഷിക്കാൻ തീരുമാനിച്ചതായി ലാലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ് അറിയിച്ചു.

ഒരു ചടങ്ങിൽ സംസാരിക്കവെയാണ് റെഫറിംഗിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നടപ്പിലാക്കാൻ പോകുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

“ഞങ്ങൾ രണ്ട് പ്രധാന സവിശേഷതകളാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. ആദ്യത്തേത് റെഫറിമാരുടെ വിലയിരുത്തലാണ്. ഒരു മത്സരം നിയന്ത്രിക്കുമ്പോൾ, സിടിഎ (CTA) നിയോഗിക്കുന്ന വിലയിരുത്തുന്നവർ റെഫറിയുടെ പ്രകടനത്തിലെ ചില വശങ്ങൾ റേറ്റിംഗ് ചെയ്യാറുണ്ട്.”

Advertisement

“നിലവിൽ 30 വ്യത്യസ്ത മാനദണ്ഡങ്ങൾ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഇത് മാനുവലായാണ് ഇപ്പോൾ ചെയ്യുന്നത്. നിലവിൽ 20 റെഫറിമാർക്കായി 30 വിലയിരുത്തലുകാരാണുള്ളത്.”

“AI ഉപയോഗിക്കുന്നതിലൂടെ, കുറഞ്ഞത് 40% തീരുമാനങ്ങൾ വസ്തുനിഷ്ഠമായി എടുക്കാൻ കഴിയുന്ന ഒരു ടൂൾ ഞങ്ങൾ സൃഷ്ടിക്കുന്നു. എല്ലാ മത്സരങ്ങളിലെയും ഡാറ്റ ഉപയോഗിച്ചാണ് ഈ ടൂൾ വികസിപ്പിക്കുന്നത്. ഇതിലൂടെ അൽഗോരിതങ്ങൾ രൂപപ്പെടും. എവിടെയാണ് ശരിയായ തീരുമാനമുണ്ടായതെന്ന് AI പരിശോധിക്കും. ഞങ്ങൾ ഇത് കൂടുതൽ വസ്തുനിഷ്ഠമാക്കുകയാണ്.”

“രണ്ടാമത്തേത് മത്സരങ്ങളിലേക്ക് റെഫറിമാരെ നിയമിക്കുന്ന കാര്യമാണ്. AI-യുടെ സഹായത്തോടെ മൂന്ന് റെഫറിമാരുടെ പേരുകൾ ഇതിനായി ചുമതലയുള്ള കമ്മിറ്റിക്ക് മുന്നിൽ നിർദ്ദേശിക്കും. മനുഷ്യന്റെ വിധിയിൽ എനിക്ക് വിശ്വാസമുണ്ട്, എന്നാൽ ചില കാര്യങ്ങളിൽ AI-യുടെ സഹായം അത്യാവശ്യമാണെന്നും” ടെബാസ് കൂട്ടിച്ചേർത്തു.

ലാലിഗയിൽ ഗോൾ-ലൈൻ സാങ്കേതികവിദ്യ പോലും ഇതുവരെ നടപ്പിലാക്കാത്ത സാഹചര്യത്തിൽ, ഈ മാറ്റം എങ്ങനെയായിരിക്കുമെന്നത് ഏറെ കൗതുകകരമാണ്. കൂടാതെ, ലാലിഗയിലെ റെഫറിമാരുടെ തീരുമാനങ്ങൾ പലപ്പോഴും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കാറുണ്ട്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.