ഐഎസ്എൽ: പഞ്ചാബ് എഫ്‌സിയെ തോൽപ്പിച്ചെങ്കിലും മുംബൈ സിറ്റിക്ക് കിരീടം നഷ്ടമായി
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025-26 സീസണിന്റെ അവസാന ദിനത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ വിജയം നേടിയിട്ടും മുംബൈ സിറ്റി എഫ്‌സിക്ക് കിരീടത്തിൽ മുത്തമിടാനായില്ല. വ്യാഴാഴ്ച ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പഞ്ചാബിനെ തോൽപ്പിച്ചത്. ഹ്മിങ്തൻമാവിയ റാൽട്ടെ, വിക്രം സിംഗ് എന്നിവരാണ് മുംബൈയ്ക്കായി ഗോളുകൾ നേടിയത്.
അതേസമയം, കൊൽക്കത്തയിൽ നടന്ന മറ്റൊരു മത്സരത്തിൽ ഇന്റർ കാശിയെ 1-2 എന്ന സ്കോറിന് പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാൾ ഐഎസ്എൽ കിരീടം സ്വന്തമാക്കി. ഈ ഫലം വന്നതോടെ മുംബൈ സിറ്റിയുടെ കിരീടമോഹം പൊലിയുകയായിരുന്നു. ഈ വിജയത്തോടെ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ മുംബൈക്ക് സാധിച്ചു. 13 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുള്ള പഞ്ചാബ് എഫ്‌സി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.
മത്സരം കൈവിട്ടുപോയതോടെ പഞ്ചാബ് താരങ്ങൾ അച്ചടക്കം ലംഘിച്ചു. 67-ാം മിനിറ്റിൽ ലിയോൺ അഗസ്റ്റിനും 90-ാം മിനിറ്റിൽ പ്രംവീർ സിംഗും ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പഞ്ചാബ് ഒമ്പത് പേരായി ചുരുങ്ങി. മുംബൈ താരവും ഗോൾ സ്കോററുമായ വിക്രം സിംഗിനെയും സ്റ്റോപ്പേജ് ടൈമിന്റെ അവസാന നിമിഷം രണ്ട് മഞ്ഞക്കാർഡുകൾ നൽകി റഫറി പുറത്താക്കി.
ആദ്യ പകുതി വിരസമായിരുന്നുവെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ കളി ആവേശകരമായി. മുംബൈയുടെ ലാലിയൻസ്വാല ചാങ്‌തെയും ജോർജ് ഡിയാസും ചേർന്ന് നടത്തിയ നീക്കം പഞ്ചാബ് പ്രതിരോധം തകർത്തെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. തൊട്ടടുത്ത മിനിറ്റുകളിൽ പഞ്ചാബ് എഫ്‌സിക്ക് ലീഡ് നേടാനുള്ള സുവർണ്ണാവസരം ലഭിച്ചു. ഡാനിയൽ റമിറെസിന്റെ കോർണർ കിക്കിൽ നിന്ന് എൻസുങ്‌സി എഫിയോങ് നൽകിയ പന്ത് ബെഡെ ഒസുജിക്ക് കൃത്യമായി ലക്ഷ്യത്തിലെത്തിക്കാനായില്ല. പിന്നീട് ലിയോൺ അഗസ്റ്റിൻ പുറത്തായതോടെ മുംബൈ സിറ്റി തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.
പ്രസിദ്ധീകരിച്ചത്: മെയ് 21, 2026

