അത്ലറ്റിക്കോ വിടുമെങ്കിൽ ബാഴ്സലോണയിലേക്ക് മാത്രം; താൽപ്പര്യം വ്യക്തമാക്കി ജൂലിയൻ അൽവാരസ്
അത്ലറ്റിക്കോ മാഡ്രിഡ് സ്ട്രൈക്കർ ജൂലിയൻ അൽവാരസ് ഈ വേനൽക്കാലത്ത് ക്ലബ് വിടുകയാണെങ്കിൽ ബാഴ്സലോണയിൽ ചേരാനാണ് താല്പര്യപ്പെടുന്നതെന്ന് ട്രാൻസ്ഫർ വിദഗ്ധൻ മാറ്റിയോ മൊറെറ്റോ വെളിപ്പെടുത്തി. കറ്റാലുനിയ റേഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഹെഡ് കോച്ച് ഡിയാഗോ സിമിയോണിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അത്ലറ്റിക്കോയിലെ തന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് അൽവാരസ് കരുതുന്നു.
ഈ വേനൽക്കാലത്ത് അൽവാരസിനെ സ്വന്തമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ അർജന്റീന താരത്തിന്റെ ഏജന്റുമായും സ്പാനിഷ് ക്ലബ്ബുമായും ചർച്ചകൾ നടത്താൻ ബാഴ്സലോണ പദ്ധതിയിടുന്നതായി മാധ്യമപ്രവർത്തകൻ കൂട്ടിച്ചേർത്തു.
ഈ സീസണോടെ ക്ലബ് വിടുന്ന റോബർട്ട് ലെവൻഡോവ്സകിക്ക് പകരക്കാരനായി 26 വയസ്സുകാരനായ അൽവാരസിനെ കൊണ്ടുവരാൻ ബാഴ്സലോണ അതീവ താല്പര്യം കാണിക്കുന്നുണ്ട്.
ചെൽസി സ്ട്രൈക്കർ ജോവോ പെഡ്രോയാണ് ബാഴ്സലോണയുടെ മറ്റൊരു പരിഗണനാ പട്ടികയിലുള്ളത്.
അത്ലറ്റിക്കോ മാഡ്രിഡ് അൽവാരസിനായി 100 ദശലക്ഷം യൂറോയിലധികം തുകയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഈ സീസണിൽ 20 ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടിയിട്ടുള്ള താരത്തിനായി വലിയൊരു ലേലത്തിൽ പങ്കുചേരാൻ താല്പര്യമില്ലെന്ന് ബാഴ്സലോണ നേരത്തെ അറിയിച്ചിരുന്നു.

