മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുമെന്ന് ബ്രൂണോ ഫെർണാണ്ടസ്; ക്ലബ് ശുഭപ്രതീക്ഷയിൽ
മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ഈ വേനൽക്കാലത്ത് ക്ലബിൽ തന്നെ തുടരുമെന്ന ഉറച്ച വിശ്വാസത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്‌മെന്റ്. 57 ദശലക്ഷം പൗണ്ടിന്റെ റിലീസ് ക്ലോസ് സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടയിലും താരം ക്ലബിൽ തുടരുമെന്ന് ടോക്ക്‌സ്‌പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.
വിദേശ ക്ലബുകൾക്ക് ഈ റിലീസ് ക്ലോസ് ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നത് ആരാധകർക്കിടയിൽ ആശങ്ക പടർത്തുന്നുണ്ട്. പ്രീമിയർ ലീഗിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ റെക്കോർഡ് സ്വന്തമാക്കിയതോടെ താരത്തിന്റെ പ്രശസ്തി വർധിച്ചതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
എങ്കിലും, അടുത്ത സീസണിൽ ഓൾഡ് ട്രാഫോർഡിൽ കിരീടനേട്ടങ്ങൾ ലക്ഷ്യമിടുന്നതായി ഫെർണാണ്ടസ് നടത്തിയ പരസ്യമായ പ്രസ്താവനകൾ അദ്ദേഹം ക്ലബ് വിടില്ല എന്നതിന്റെ വ്യക്തമായ സൂചനയാണെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വൃത്തങ്ങൾ വിശ്വസിക്കുന്നത്.
മൈക്കൽ കാരിക്കിനെ ദീർഘകാലത്തേക്ക് നിയമിക്കുന്നതിലുള്ള താരത്തിന്റെ പോസിറ്റീവ് നിലപാടും അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ശുഭസൂചനയായി ക്ലബ് അധികൃതർ കാണുന്നു.
കഴിഞ്ഞ വേനൽക്കാലത്ത് സൗദി അറേബ്യയിലേക്ക് മാറാൻ ശ്രമിച്ച ഫെർണാണ്ടസിനെ ക്ലബ് അനുനയിപ്പിച്ചു നിർത്തുകയായിരുന്നു. നിലവിൽ ക്യാപ്റ്റന് പകരക്കാരനെ കണ്ടെത്തുന്നതിലുപരി മിഡ്‌ഫീൽഡ് കൂടുതൽ ശക്തമാക്കാനാണ് യുണൈറ്റഡിന്റെ പദ്ധതി.
ഈ പ്ലാനിന്റെ ഭാഗമായി വെസ്റ്റ് ഹാം താരമായ മറ്റ്യൂസ് ഫെർണാണ്ടസിനെ യുണൈറ്റഡ് നിരീക്ഷിക്കുന്നുണ്ട്. ബ്രൂണോ ഫെർണാണ്ടസിന് പകരക്കാരനായിട്ടല്ല, മറിച്ച് അദ്ദേഹത്തോടൊപ്പം മിഡ്‌ഫീൽഡിൽ പ്രവർത്തിക്കാൻ സാധിക്കുന്ന താരമായാണ് മറ്റ്യൂസിനെ ക്ലബ് കാണുന്നത്.
മറ്റ്യൂസ് ഫെർണാണ്ടസിനായി വെസ്റ്റ് ഹാം വലിയൊരു തുക ആവശ്യപ്പെടുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ 80 ദശലക്ഷം പൗണ്ട് എന്ന അവരുടെ വില യുണൈറ്റഡ് നൽകാൻ സാധ്യതയില്ല.

