ചെൽസി വിട്ട് ഷാങ്ഹായ് പോർട്ടിലേക്ക്; കൂടുമാറ്റത്തെക്കുറിച്ച് മനസ്സ് തുറന്ന് ബ്രസീൽ താരം ഓസ്കാർ
2017-ൽ ചെൽസിയിൽ നിന്ന് ഷാങ്ഹായ് പോർട്ടിലേക്കുള്ള തന്റെ കൂടുമാറ്റത്തെക്കുറിച്ച് മുൻ ബ്രസീൽ മിഡ്‌ഫീൽഡർ ഓസ്കാർ വെളിപ്പെടുത്തുന്നു.
“അന്ന് ലഭിച്ചത് വലിയൊരു തുകയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ചെൽസിയിൽ അന്ന് എനിക്ക് അവസരങ്ങൾ ലഭിച്ചിരുന്നില്ല. യൂറോപ്യൻ ക്ലബ്ബുകളിലേക്കും ചൈനയിലേക്കും മാറാൻ എനിക്ക് അവസരങ്ങളുണ്ടായിരുന്നു. ചൈനീസ് ക്ലബ്ബ് മികച്ചൊരു ഓഫറാണ് മുന്നോട്ടുവെച്ചത്. പണം മാത്രമല്ല, ഒരു പുതിയ സംസ്കാരം പരിചയപ്പെടുക എന്നതും എന്റെ ലക്ഷ്യമായിരുന്നു,” ഓസ്കാർ പറഞ്ഞു.
“ഫുട്ബോൾ ഇപ്പോൾ മാറി കഴിഞ്ഞു. നെയ്മർ സൗദി അറേബ്യയിലേക്ക് പോയതും ക്രിസ്റ്റ്യാനോ റൊണാൾഡോയും കരീം ബെൻസേമയും മറ്റ് ലീഗുകളിലേക്ക് മാറിയതും നമ്മൾ കണ്ടതാണ്. ഫുട്ബോളിനെ ഒരു ജോലിയായി കാണണം. 20 വർഷം ചെൽസിയിൽ കളിക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ചിലപ്പോൾ അവസരങ്ങൾ ലഭിക്കില്ല. കുടുംബത്തിന്റെ സന്തോഷം, മാനേജരുമായുള്ള ബന്ധം എന്നിവയും പ്രധാനമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒരുപക്ഷേ എനിക്ക് മറ്റൊരു ലോകകപ്പിൽ കളിക്കാനോ ചെൽസിക്കായി കൂടുതൽ മികച്ച മത്സരങ്ങൾ കാഴ്ചവെക്കാനോ സാധിച്ചേനെ. എങ്കിലും എടുത്ത തീരുമാനത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. അന്ന് എന്നെ വിമർശിച്ചവർക്ക് അങ്ങനെയൊരു ഓഫർ ലഭിച്ചിരുന്നെങ്കിൽ അവരും 100 ശതമാനം സമ്മതിക്കുമായിരുന്നു. ഫുട്ബോളിൽ വികാരം മാത്രം പോരാ, സ്വന്തം ജീവിതത്തെ സംബന്ധിച്ച് ഏതാണ് ശരിയായ തീരുമാനമെന്ന് ചിന്തിക്കേണ്ടതുണ്ട്,” ഓസ്കാർ വ്യക്തമാക്കി.

