ബാഴ്സലോണയ്ക്ക് റഫറിമാരുടെ സഹായം ലഭിക്കുന്നു: ആരോപണവുമായി റയൽ മാഡ്രിഡ് പ്രസിഡന്റ് സ്ഥാനാർത്ഥി
ആഭ്യന്തര മത്സരങ്ങളിൽ ബാഴ്സലോണയ്ക്ക് റഫറിമാരുടെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാടുണ്ടാകുന്നുവെന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ എൻറിക് റിക്വെൽമെ ആരോപിച്ചു.
‘എൽ ഹോർമിഗ്യൂറോ’ എന്ന ടെലിവിഷൻ പരിപാടിയിൽ നൽകിയ അഭിമുഖത്തിലാണ് ബാഴ്സലോണ റഫറിമാരുടെ സഹായത്തോടെയാണ് കളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞത്. റഫറിമാർ അവർക്കൊപ്പമായതുകൊണ്ട് ചില സമയങ്ങളിൽ ബാഴ്സലോണ 12 പേരുമായാണ് കളിക്കുന്നതെന്ന് റിക്വെൽമെ അഭിപ്രായപ്പെട്ടു.
കടുത്ത മത്സരങ്ങൾ നിറഞ്ഞ സ്പാനിഷ് ലാ ലിഗ സീസണിന് പിന്നാലെയാണ് ഈ വിവാദ പരാമർശം വന്നിരിക്കുന്നത്. 94 പോയിന്റുമായി ബാഴ്സലോണ ചാമ്പ്യന്മാരായപ്പോൾ 86 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തായിരുന്നു.
റയൽ മാഡ്രിഡ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ പ്രസ്താവന. 2026 ജൂൺ 7-നാണ് റയൽ മാഡ്രിഡിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.

