ലയണൽ മെസ്സി തിരിച്ചുവരവിന്റെ പാതയിൽ; സൗഹൃദ മത്സരങ്ങളിൽ കളിച്ചേക്കുമെന്ന് ലയണൽ സ്കലോണി
2026 ലോകകപ്പിന് മുന്നോടിയായുള്ള അർജന്റീനയുടെ സൗഹൃദ മത്സരങ്ങളിൽ ലയണൽ മെസ്സി കളിച്ചേക്കുമെന്ന് അർജന്റീന ഫുട്ബോൾ ടീം പരിശീലകൻ ലയണൽ സ്കലോണി അറിയിച്ചു. താരം പരിക്കിൽ നിന്ന് മുക്തനായി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പിന് മുന്നോടിയായി ഹോണ്ടുറാസ്, ഐസ്‌ലൻഡ് എന്നിവർക്കെതിരെ രണ്ട് സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്. മെസ്സിക്ക് ചെറിയ പരിക്കുള്ളതിനാൽ അൾജീരിയക്കെതിരായ ആദ്യ ലോകകപ്പ് മത്സരത്തിൽ മാത്രമേ അദ്ദേഹം തിരിച്ചെത്തുകയുള്ളൂ എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മെസ്സിയുടെ ആരോഗ്യനിലയെക്കുറിച്ച് സ്കലോണി ഇങ്ങനെ പറഞ്ഞു:
“ലയണൽ മെസ്സി ഇപ്പോൾ സുഖമായിരിക്കുന്നു. അദ്ദേഹം ഇതിനകം പ്രധാന ടീമിനൊപ്പം പരിശീലനത്തിൽ പങ്കുചേർന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. താരം ഇപ്പോൾ ടീമിൽ നിന്ന് മാറി ഒറ്റയ്ക്കല്ല പരിശീലനം നടത്തുന്നത്, ഫിറ്റ്നസ് ഘട്ടംഘട്ടമായി മെച്ചപ്പെടുത്തി വരുന്നു. വരാനിരിക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങളിൽ ഒന്നിൽ മെസ്സിക്ക് കളിക്കാനും കുറച്ചു സമയം പിച്ചിൽ ചിലവഴിക്കാനും സാധ്യതയുണ്ട്.”
“ഇക്കാര്യം വരാനിരിക്കുന്ന മത്സരത്തിലാണോ അതോ അതിന് ശേഷമുള്ള മത്സരത്തിലാണോ സംഭവിക്കുക എന്ന് ഞങ്ങൾ പരിശോധിക്കും. എന്തായാലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്, അത് ഞങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.”

