ലോകകപ്പ് യാത്ര മുടങ്ങി; ക്യൂബ സന്ദർശിച്ചതിന് ഇംഗ്ലണ്ട് ആരാധകന്റെ യുഎസ് പ്രവേശനാനുമതി നിഷേധിച്ചു
ലോകകപ്പിനായി അമേരിക്കയിലേക്ക് യാത്ര തിരിക്കാനിരുന്ന ഇംഗ്ലണ്ട് ആരാധകന് ദുരനുഭവം. യുഎസിലേക്കുള്ള പ്രവേശനാനുമതിയായ ഇഎസ്‌ടിഎ (ESTA) അപേക്ഷ അധികൃതർ നിരസിച്ചതോടെയാണ് ആരാധകന്റെ ലോകകപ്പ് യാത്ര മുടങ്ങിയത്. ബിബിസി റേഡിയോ 5 ലൈവ് പരിപാടിക്കിടെയാണ് തനിക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെട്ട കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
നേരത്തെ ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. എന്നാൽ, മുമ്പ് ഒരു ക്രൂയിസ് യാത്രയുടെ ഭാഗമായി ക്യൂബ സന്ദർശിച്ചതാണ് അപേക്ഷ നിരസിക്കാൻ കാരണമായത്. 2021 മുതൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ക്യൂബ ഉൾപ്പെട്ടതിനാൽ, അതിനുശേഷം ക്യൂബയിൽ പോയിട്ടുള്ളവർക്ക് ഇഎസ്‌ടിഎ വഴി വിസ രഹിത പ്രവേശനം അനുവദിക്കില്ലെന്നതാണ് യുഎസ് നിയമം.
നിിക്കി കാംപ്‌ബെല്ലിന്റെ ഷോയിൽ സംസാരിക്കവെയാണ് താൻ ദിവസങ്ങളായി തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് ആരാധകൻ പറഞ്ഞത്. “അമേരിക്കൻ എംബസിയിൽ നിന്ന് ഇഎസ്‌ടിഎ അപേക്ഷ നിരസിച്ചതായുള്ള സന്ദേശം എനിക്ക് ലഭിച്ചു. ക്യൂബയിലേക്ക് ക്രൂയിസ് യാത്ര പോയതുകൊണ്ടാണ് യുഎസിലേക്ക് പ്രവേശിക്കാൻ അനുമതി നൽകാത്തത്,” അദ്ദേഹം വ്യക്തമാക്കി.
“നിർഭാഗ്യവശാൽ, 2025-ൽ നിങ്ങൾ ക്യൂബയിൽ പ്രവേശിച്ചതിനാൽ യുഎസിലേക്ക് കടക്കാൻ നിങ്ങൾക്ക് യോഗ്യതയില്ല,” എന്നാണ് അറിയിപ്പിൽ പറയുന്നത്. സാധാരണയായി ഇഎസ്‌ടിഎ നടപടികൾ പെട്ടെന്ന് പൂർത്തിയാകാറുണ്ട്. എന്നാൽ ഇത്തവണ മൂന്ന് ദിവസമെടുത്തു. ക്യൂബ സന്ദർശനത്തെക്കുറിച്ച് തനിക്ക് നേരത്തെ അറിവുണ്ടായിരുന്നതിനാലാണ് ടിക്കറ്റുകൾ ഒഴിവാക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യൂബ സന്ദർശിച്ച വിവരം അധികൃതർ അറിഞ്ഞതെങ്ങനെയെന്ന ചോദ്യത്തിന്, പാസ്‌പോർട്ടിലെ സ്റ്റാമ്പ് വഴിയാകാം ഇതെന്നാണ് അദ്ദേഹം മറുപടി നൽകിയത്. രാജ്യസുരക്ഷയുടെ ഭാഗമായി അമേരിക്കൻ അധികൃതർ കർശനമായ പരിശോധനയാണ് നടത്തുന്നതെന്നും, താൻ അറിയാതെ സംഭവിച്ച ഈ വീഴ്ച തന്റെ ലോകകപ്പ് സ്വപ്നത്തെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

