ലോകകപ്പ് ശ്രദ്ധയിൽ; ട്രാൻസ്ഫർ വാർത്തകളോട് പ്രതികരിച്ച് അയൂബ് ബൗവദി
ബ്രസീലിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ ശ്രദ്ധയാകർഷിച്ചെങ്കിലും, താൻ ഇപ്പോൾ 2026 ലോകകപ്പിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ലില്ലെയുടെ മിഡ്‌ഫീൽഡർ അയൂബ് ബൗവദി പറഞ്ഞു.
ടൂർണമെന്റിലെ കരുത്തരായ ബ്രസീലിനെതിരെ മൊറോക്കോയെ സമനിലയിൽ തളച്ച മത്സരത്തിൽ 18-കാരനായ ബൗവദി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിൽ 60 പാസുകൾ പൂർത്തിയാക്കിയാണ് താരം തന്റെ സാന്നിധ്യം അറിയിച്ചത്.
ബൗവദിയുടെ പ്രകടനത്തിൽ ആഴ്സണൽ, പാരിസ് സെന്റ്-ജർമ്മൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകൾ താൽപ്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
‘ദ അത്‌ലറ്റിക്’ എന്ന മാധ്യമത്തോട് സംസാരിക്കുമ്പോൾ താരം തന്റെ നിലപാട് വ്യക്തമാക്കി. “ക്ലബ്ബുകൾക്ക് എന്നിൽ താൽപ്പര്യമുണ്ടെന്ന് അറിയുന്നത് സന്തോഷകരമാണ്. എന്നാൽ ഇപ്പോൾ ലോകകപ്പിൽ മാത്രമാണ് എന്റെ ശ്രദ്ധ. മികച്ച പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും,” ബൗവദി പറഞ്ഞു.
18 വയസ്സും 254 ദിവസവും പ്രായമുള്ളപ്പോൾ ലോകകപ്പ് മത്സരത്തിൽ 50-ലധികം പാസുകൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ബൗവദി മാറി. കഴിഞ്ഞ 60 വർഷത്തിനിടയിലെ കണക്കുകളാണിത്.
സ്പെയിനിന്റെ ഗാവിയാണ് ഈ നേട്ടത്തിലെത്തിയ മറ്റൊരു താരം. 2022 ലോകകപ്പിൽ കോസ്റ്റാറിക്കയ്ക്കെതിരെ 18 വയസ്സും 110 ദിവസവും പ്രായമുള്ളപ്പോൾ ഗാവി 67 പാസുകൾ പൂർത്തിയാക്കിയിരുന്നു.

