സ്പെയിൻ ടീമിൽ ഗോൾകീപ്പർമാരെ ചൊല്ലി തർക്കമില്ലെന്ന് മൈക്കൽ മെറീനോ
2026 ലോകകപ്പിന് മുന്നോടിയായി സ്പെയിൻ ദേശീയ ടീമിലെ ഗോൾകീപ്പർമാരായ ഉനൈ സൈമൺ, ഡേവിഡ് റായ, ജോവാൻ ഗാർസിയ എന്നിവർക്കിടയിലുള്ള മത്സരം ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നുവെന്ന വാർത്തകൾ തള്ളി സ്പെയിൻ മിഡ്‌ഫീൽഡർ മൈക്കൽ മെറീനോ.
ലൂയിസ് ഡെ ലാ ഫ്യൂന്റെയുടെ പ്രധാന കളിക്കാരിലൊരാളായ ആഴ്സണൽ മിഡ്‌ഫീൽഡറോട് ഞായറാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ ദേശീയ ടീമിലെ ഗോൾകീപ്പർമാരെ കുറിച്ചുള്ള ചർച്ചകളെക്കുറിച്ച് ചോദ്യമുയർന്നു. ഇതിന് വ്യക്തമായ മറുപടിയാണ് താരം നൽകിയത്.
ഈ ചർച്ചകൾ മാധ്യമങ്ങൾ സൃഷ്ടിക്കുന്നതാണെന്നും ടീമിനുള്ളിൽ ശാന്തമായ അന്തരീക്ഷമാണുള്ളതെന്നും മെറീനോ വ്യക്തമാക്കി. “ഇക്കാര്യത്തെക്കുറിച്ച് ഞങ്ങൾ അധികം സംസാരിക്കാറില്ല. ആര് കളിച്ചാലും ഗോൾവല ഭദ്രമായിരിക്കും. മാസങ്ങളായി ഈ ചർച്ചകൾ ഞങ്ങൾ കേൾക്കുന്നുണ്ട്, എന്നാൽ ഞങ്ങൾ വളരെ ശാന്തരാണ്,” മെറീനോ പറഞ്ഞു.
അന്തിമ തീരുമാനം കോച്ചിന്റേതാണെന്ന് ഊന്നിപ്പറഞ്ഞ താരം, ഗോൾകീപ്പർമാരുടെ നിലവാരത്തെയും പ്രശംസിച്ചു. “അസാമാന്യമായ നിലവാരമുള്ള മൂന്ന് ഗോൾകീപ്പർമാരാണ് അവർ. ആര് കളിക്കണമെന്ന് കോച്ചാണ് തീരുമാനിക്കുക,” അദ്ദേഹം കൂട്ടിച്ചേർത്തു.

