റയൽ മാഡ്രിഡ് കോച്ചിംഗ് സ്റ്റാഫിലേക്ക് സാമി ഖേദിരയെ പരിഗണിക്കുന്നു
റിയൽ മാഡ്രിഡ് പരിശീലക സംഘത്തിലേക്ക് സാമി ഖേദിരയെ എത്തിക്കാൻ ഹോസെ മൗറീഞ്ഞോ നീക്കം നടത്തുന്നതായി ഡിയാരിയോ എഎസ് റിപ്പോർട്ട് ചെയ്യുന്നു. സാന്തിയാഗോ ബെർണബ്യൂവിൽ തൻ്റെ പുതിയ സാങ്കേതിക സംഘത്തെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഒരു പ്രധാന റോളിലേക്ക് മുൻ മധ്യനിര താരത്തെയാണ് മൗറീഞ്ഞോ പരിഗണിക്കുന്നത്.
ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം ടെലിവിഷൻ അനലിസ്റ്റായി പ്രവർത്തിച്ചു വരികയാണ് ഖേദിര. പരിശീലക കുപ്പായമണിയുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിച്ചുവരികയാണെന്നും, മൗറീഞ്ഞോ നേരിട്ട് ഖേദിരയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നുമാണ് വിവരം. റയൽ മാഡ്രിഡിലെ കളിക്കാർ തമ്മിലുള്ള ഐക്യം വർധിപ്പിക്കുന്നതിനും ക്ലബ്ബിൻ്റെ അന്തരീക്ഷം കൃത്യമായി മനസ്സിലാക്കുന്നതിനും, താൻ വിശ്വസിക്കുന്ന ഒരു മുൻ റയൽ മാഡ്രിഡ് താരത്തെ സ്റ്റാഫിൽ ഉൾപ്പെടുത്താൻ മൗറീഞ്ഞോ ആഗ്രഹിക്കുന്നു.
ഔദ്യോഗിക പരിശീലന പരിചയത്തിൻ്റെ കുറവ് ഖേദിരയ്ക്ക് ഒരു വെല്ലുവിളിയായി കാണുന്നുണ്ടെങ്കിലും, മൗറീഞ്ഞോയുടെ ശൈലിയോടും റയൽ മാഡ്രിഡ് ഡ്രസ്സിംഗ് റൂമിൻ്റെ സംസ്കാരത്തോടുമുള്ള അദ്ദേഹത്തിൻ്റെ അറിവ് വലിയൊരു ഗുണമായി ടീം മാനേജ്‌മെൻ്റ് വിലയിരുത്തുന്നു. ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ മാധ്യമ പ്രവർത്തകനായി ഖേദിര നേരത്തെ ബെർണബ്യൂവിൽ തിരിച്ചെത്തിയിരുന്നു.
മൗറീഞ്ഞോ റയൽ മാഡ്രിഡിൽ എത്തിയ അതേ വർഷം, 2010-ലാണ് ഖേദിരയും ക്ലബ്ബിലെത്തിയത്. ക്ലബ്ബിനായി 161 മത്സരങ്ങളിൽ അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. സ്പെയിനിൽ കളിച്ച കാലയളവിൽ ലാ ലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ അദ്ദേഹം സ്വന്തമാക്കി. 2011-12 സീസണിൽ ബാഴ്‌സലോണയുടെ ആഭ്യന്തര ആധിപത്യം തകർത്ത് റയൽ കിരീടം ചൂടിയ ടീമിലും ഖേദിര അംഗമായിരുന്നു.

