2026 ലോകകപ്പ്: ഫുട്ബോളിനേക്കാൾ ലാഭത്തിന് മുൻതൂക്കം നൽകുന്ന വമ്പൻ ബിസിനസ് പരീക്ഷണമായി ഫിഫ
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന 2026 ഫുട്ബോൾ ലോകകപ്പ് കേവലം ഒരു കായിക മാമാങ്കത്തിനപ്പുറം വലിയൊരു സാമ്പത്തിക പരീക്ഷണമായി മാറുകയാണ്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയെന്നാണ് ഫിഫ സ്വയം വിശേഷിപ്പിക്കുന്നത് എങ്കിലും, തിരശ്ശീലയ്ക്ക് പിന്നിൽ കോടിക്കണക്കിന് ഡോളർ ലാഭം കൊയ്യുന്ന ഒരു കോർപ്പറേറ്റ് യന്ത്രമായാണ് ഫിഫ പ്രവർത്തിക്കുന്നത്.
ജിയാനി ഇൻഫാന്റിനോയുടെ കീഴിൽ ലോകകപ്പ് ഒരു രാഷ്ട്രീയ ഷോയായി മാറിയിരിക്കുകയാണ്. വലിയ വിമർശനങ്ങൾ നേരിട്ടിട്ടും ഫിഫയുടെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി ഈ ടൂർണമെന്റ് മാറാൻ പോകുന്നു. ആരാധകരുടെ രോഷം ഫിഫയുടെ തീരുമാനങ്ങളെ ബാധിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
സാമ്പത്തിക ലക്ഷ്യങ്ങളിലെ പരിണാമം
ചരിത്രപരമായി ഫിഫയുടെ വരുമാനം സാവധാനത്തിലാണ് വർദ്ധിച്ചിരുന്നത്. എന്നാൽ 2026-ലെ സാമ്പത്തിക ലക്ഷ്യങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. 2023-2026 കാലയളവിൽ 11 മുതൽ 13 ബില്യൺ ഡോളർ വരെ വരുമാനം ഫിഫ പ്രതീക്ഷിക്കുന്നു. 2018-ലെ റഷ്യൻ ലോകകപ്പിൽ ഇത് 6.4 ബില്യൺ ഡോളറും, ഖത്തറിൽ 7.57 ബില്യൺ ഡോളറുമായിരുന്നു. അതായത് വരുമാനത്തിൽ കുറഞ്ഞത് 50 ശതമാനത്തിന്റെ വർദ്ധനവാണ് ഫിഫ ലക്ഷ്യമിടുന്നത്.
ടിക്കറ്റ് വിൽപനയിലും വിഐപി ഹോസ്പിറ്റാലിറ്റിയിലുമാണ് ഫിഫ വലിയ ലാഭം കൊയ്യുന്നത്. ഖത്തറിൽ നിന്ന് 950 മില്യൺ ഡോളർ ലഭിച്ച സ്ഥാനത്ത്, 2026-ൽ 3.1 ബില്യൺ ഡോളറിലധികം നേടാനാണ് ഫിഫയുടെ പദ്ധതി. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വിൽപ്പന നടത്തുന്നതും ഡൈനാമിക് പ്രൈസിംഗ് അൽഗോരിതങ്ങൾ ഉപയോഗിക്കുന്നതുമാണ് ഇതിന് പ്രധാന കാരണം.
ഉയർന്ന വരുമാനം ലക്ഷ്യമിട്ടുള്ള ഈ കായിക മാമാങ്കത്തിൽ ഫുട്ബോൾ വളർത്തുക എന്നതിനേക്കാൾ ഉപരിയായി കച്ചവടത്തിനാണ് മുൻഗണന. വടക്കേ അമേരിക്കയിലെ ഉയർന്ന വരുമാനമുള്ള ജനതയെയാണ് ഫിഫ ലക്ഷ്യമിടുന്നത്. 2030-ലും 2034-ലും നടക്കാൻ പോകുന്ന ടൂർണമെന്റുകളെ അപേക്ഷിച്ച് 2026 ഫിഫയ്ക്ക് ഒരു ‘ഗോൾഡ് മൈൻ’ ആണ്.
48 ടീമുകൾ എന്ന തീരുമാനത്തിന് പിന്നിലെ ഗണിതം
ലോകകപ്പിൽ 32-ൽ നിന്ന് 48 ടീമുകളായി ഉയർത്തിയതിനെ ഫുട്ബോളിന്റെ വളർച്ചയായിട്ടാണ് ഇൻഫാന്റിനോ ചിത്രീകരിച്ചത്. എന്നാൽ ഇതിന് പിന്നിൽ വലിയൊരു സാമ്പത്തിക ലാഭമുണ്ട്. മത്സരങ്ങളുടെ എണ്ണം 64-ൽ നിന്ന് 104-ലേക്ക് ഉയർത്തുന്നത് വഴി പരസ്യങ്ങളും ടെലിവിഷൻ സംപ്രേക്ഷണാവകാശങ്ങളും വഴി കൂടുതൽ വരുമാനം നേടാൻ ഫിഫയ്ക്ക് സാധിക്കും.
ടിവി റൈറ്റ്സ് വിൽപനയിൽ ഫിഫ നടപ്പിലാക്കിയ പുതിയ രീതികൾ സ്ട്രീമിംഗ് സേവനങ്ങൾ പോലെയാണ്. ഓരോ ടൂർണമെന്റിനെയും പ്രത്യേകം വിൽക്കുന്നതിലൂടെ പരമാവധി പണം പിടുങ്ങാൻ ഫിഫ ശ്രമിക്കുന്നു. എന്നാൽ ഏഷ്യൻ വിപണിയിൽ ടൈം സോൺ പ്രശ്നം കാരണം ഫിഫ പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. ചൈനയിൽ നിന്ന് 300 മില്യൺ ഡോളർ പ്രതീക്ഷിച്ചെങ്കിലും ലഭിച്ചത് 50 മില്യൺ മാത്രമാണ്. എങ്കിലും അമേരിക്കയിലെ സംപ്രേക്ഷണാവകാശത്തിൽ ഉണ്ടായ 94 ശതമാനം വർദ്ധനവ് ഈ കുറവ് നികത്തുന്നു.
സൗജന്യമായി സ്റ്റേഡിയങ്ങൾ ഉപയോഗിക്കുന്നു
ഖത്തറിൽ പുതിയ സ്റ്റേഡിയങ്ങളും നഗരങ്ങളും നിർമ്മിക്കാൻ 300 ബില്യൺ ഡോളറാണ് ചിലവായത്. എന്നാൽ അമേരിക്കയിൽ ഫിഫ ചെയ്യുന്നത് ഇതിന് വിപരീതമാണ്. നിലവിലുള്ള എൻഎഫ്എൽ സ്റ്റേഡിയങ്ങളാണ് ഫിഫ ഉപയോഗിക്കുന്നത്. സ്റ്റേഡിയങ്ങളിലെ പിച്ച് വികസിപ്പിക്കാനായി സീറ്റുകൾ നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള നിർമ്മാണച്ചെലവുകൾ വഹിക്കുന്നത് പ്രാദേശിക നഗരങ്ങളും സ്റ്റേഡിയം ഉടമകളുമാണ്. ഫിഫയുടെ പോക്കറ്റിൽ നിന്ന് ഇതിനായി ഒരു രൂപ പോലും ചിലവാകുന്നില്ല. കൂടാതെ, സ്പോൺസർമാരുടെ താൽപ്പര്യം സംരക്ഷിക്കാൻ സ്റ്റേഡിയങ്ങളുടെ പേര് വരെ മാറ്റാൻ ഫിഫ നിർബന്ധിക്കുന്നു.
ഫിഫയുടെ രാഷ്ട്രീയ കരുനീക്കം
ഫിഫ ഒരു ലാഭേച്ഛയില്ലാത്ത സംഘടനയായിട്ടാണ് സ്വിറ്റ്സർലൻഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന്റെ മറവിൽ നികുതി ഒഴിവാക്കാനും കോടിക്കണക്കിന് ഡോളർ ലാഭം നേടാനും ഫിഫയ്ക്ക് സാധിക്കുന്നു. 211 അംഗരാജ്യങ്ങൾക്ക് ഓരോ വോട്ട് എന്ന രീതിയിൽ ഫിഫാ കോൺഗ്രസ് പ്രവർത്തിക്കുന്നത് ഇൻഫാന്റിനോയ്ക്ക് തന്റെ അധികാരം നിലനിർത്താൻ സഹായിക്കുന്നു. ‘ഫിഫ ഫോർവേഡ്’ പദ്ധതിയിലൂടെ ചെറിയ രാജ്യങ്ങൾക്ക് പണം നൽകി അവരെ തങ്ങളുടെ വോട്ടർമാരായി നിലനിർത്തുന്നു.
ആരാധകരെ വിലകൊടുത്തു വാങ്ങുന്നു
2018-ൽ കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ വാഗ്ദാനം ചെയ്തെങ്കിലും, ഇപ്പോൾ ഡൈനാമിക് പ്രൈസിംഗ് വഴി ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയിരിക്കുകയാണ്. ശരാശരി ടിക്കറ്റ് നിരക്ക് 1,300 ഡോളറായി ഉയർന്നു. വികലാംഗരായ ആരാധകരെപ്പോലും ഫിഫ ഒഴിവാക്കുന്നില്ല. അവർക്ക് വേണ്ടിയിരുന്ന പ്രത്യേക പരിഗണനയും കുറഞ്ഞ നിരക്കും എടുത്തുകളഞ്ഞു. ടിക്കറ്റ് റീസെയിൽ പ്ലാറ്റ്‌ഫോമുകളിലൂടെ ഫിഫ തന്നെ 30 ശതമാനം കമ്മീഷൻ നേടുന്നു.
നഗരങ്ങളെ വലയിലാക്കുന്ന രീതി
ലോകകപ്പിന്റെ ലാഭം ഫിഫ കൊണ്ടുപോകുമ്പോൾ, സുരക്ഷാച്ചെലവും അടിസ്ഥാന സൗകര്യ വികസനവും നഗരങ്ങൾ വഹിക്കണം. ന്യൂജേഴ്‌സിയും ബോസ്റ്റണും ഉൾപ്പെടെയുള്ള പല നഗരങ്ങളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊതുഗതാഗത സൗകര്യങ്ങളിൽ പോലും നഗരങ്ങൾ അമിത നിരക്ക് ഈടാക്കുന്നത് ആരാധകർക്ക് വലിയ തിരിച്ചടിയാണ്.
ഏതായാലും 2026 ലോകകപ്പിൽ മികച്ച ഫുട്ബോൾ മത്സരങ്ങൾ കാണാൻ സാധിക്കുമെങ്കിലും, ഇതിന് പിന്നിലെ കച്ചവടം കായിക ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണെന്ന് തന്നെ പറയാം.

