ഇംഗ്ലണ്ട് ലോകകപ്പ് ടീമിൽ ട്രെവോ ചലോബ; വർഷങ്ങൾക്ക് മുൻപുള്ള സ്വപ്നം സഫലമായി
ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്ക്വാഡിൽ ട്രെവോ ചലോബ അപ്രതീക്ഷിതമായി ഇടംനേടിയത് വലിയ ചർച്ചയാകുന്നു. താരം വർഷങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.
പരിശീലനത്തിനിടെ ഹാംസ്ട്രിംഗ് പരിക്കേറ്റ ന്യൂകാസിൽ യുണൈറ്റഡ് ഫുൾ-ബാക്ക് ടിനോ ലിവ്റാമെന്റോയ്ക്ക് ടൂർണമെന്റ് നഷ്ടമായതിനെത്തുടർന്ന്, തോമസ് ടുഷെലിന്റെ 26 അംഗ ടീമിലേക്ക് ചെൽസി ഡിഫൻഡറായ ചലോബയെ ഉൾപ്പെടുത്തുകയായിരുന്നു.
ലോകകപ്പിലെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ടിന് ഒരു പകരക്കാരനെ ആവശ്യമായി വന്നപ്പോഴാണ് സീനിയർ ടീമിൽ ഒരു മത്സരം മാത്രം കളിച്ച പരിചയമുള്ള ചലോബയ്ക്ക് അപ്രതീക്ഷിത കോൾ ലഭിച്ചത്.
ഈ പ്രഖ്യാപനത്തിന് പിന്നാലെ, 2018-ലെ ചലോബയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ആരാധകർ കുത്തിപ്പൊക്കി. ലോകകപ്പ് ട്രോഫിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ താൻ എത്തുമെന്ന് വിശ്വസിക്കുന്നതായി കൗമാരക്കാരനായ ചലോബ അന്ന് കുറിച്ചിരുന്നു.
എട്ട് വർഷങ്ങൾക്ക് ശേഷം ആ പ്രവചനം ഇപ്പോൾ സത്യമായിരിക്കുകയാണ്.
ചില ആരാധകർ ഇംഗ്ലണ്ടിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്തെങ്കിലും, ചലോബയെ സംബന്ധിച്ചിടത്തോളം തന്റെ ദീർഘകാലമായുള്ള ലോകകപ്പ് സ്വപ്നം സഫലമായതിന്റെ വലിയ സന്തോഷത്തിലാണ് താരം.

