ലോകകപ്പിൽ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
അന്താരാഷ്ട്ര ഫുട്ബോൾ ലോകത്ത് മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ പുതിയൊരു റെക്കോർഡാണ് പോർച്ചുഗീസ് ക്യാപ്റ്റൻ ഇപ്പോൾ കുറിച്ചിരിക്കുന്നത്.
ലോകകപ്പ് മത്സരത്തിൽ ആദ്യ ഇലവനിൽ ഇടംപിടിക്കുന്ന ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരമെന്ന നേട്ടമാണ് 41 വയസ്സും 132 ദിവസവും പ്രായമുള്ള റൊണാൾഡോ കൈവരിച്ചത്.
ഡി ആർ കോംഗോയ്ക്കെതിരായ മത്സരത്തിൽ പോർച്ചുഗലിന്റെ ടാക്റ്റിക്കൽ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഇടംപിടിച്ചതോടെയാണ് റൊണാൾഡോ ഈ ചരിത്ര നേട്ടത്തിലെത്തിയത്.
തുടർച്ചയായ ആറാം ലോകകപ്പിലാണ് ഈ ഇതിഹാസ താരം കളത്തിലിറങ്ങുന്നത്. ഫുട്ബോൾ കരിയറിലെ റൊണാൾഡോയുടെ നീണ്ടകാലത്തെ പ്രകടനമികവിനെ അടയാളപ്പെടുത്തുന്നതാണ് ഈ അപൂർവ്വ നേട്ടം.

