2026 ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് കെയിലെ ആദ്യ മത്സരത്തിൽ കൊളംബിയയും ഉസ്ബെക്കിസ്ഥാനും ഇന്ന് മെക്സിക്കോ സിറ്റിയിൽ നേർക്കുനേർ വരുന്നു. അരങ്ങേറ്റക്കാരായ ഉസ്ബെക്കിസ്ഥാനെതിരെ വലിയ മുൻതൂക്കത്തോടെയാണ് കൊളംബിയ കളത്തിലിറങ്ങുന്നത്. ലൂയിസ് ഡയസ്, ജെയിംസ് റോഡ്രിഗസ്, റിച്ചാർഡ് റിയോസ്, ഡാവിൻസൺ സാഞ്ചസ്, ജോൺ കോർഡോബ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന കൊളംബിയൻ നിരയ്ക്ക് യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും മികച്ച അനുഭവസമ്പത്തുണ്ട്.
ആദ്യമായാണ് ലോകകപ്പ് വേദിയിൽ ഉസ്ബെക്കിസ്ഥാൻ പന്ത് തട്ടുന്നത്. ‘വൈറ്റ് വോൾവ്സ്’ എന്ന് അറിയപ്പെടുന്ന ഉസ്ബെക്ക് ടീമിനെ അബ്ദുഖോദീർ ഖുസാനോവ്, എൽദോർ ഷോമുറോദോവ്, അബ്ബോസ്‌ബെക്ക് ഫൈസുല്ലയേവ് എന്നിവർ നയിക്കും. സ്വന്തം കരുത്തിൽ വിശ്വാസമർപ്പിച്ച് കളത്തിലിറങ്ങുന്ന ഉസ്ബെക്കിസ്ഥാൻ വമ്പൻമാർക്കെതിരെ അട്ടിമറി വിജയം ലക്ഷ്യമിട്ടാണ് പന്തുരുട്ടുന്നത്.
ഉയർന്ന നിലവാരത്തിലുള്ള കളിക്കാർ അണിനിരക്കുന്ന കൊളംബിയ മത്സരത്തിൽ വിജയം നേടുമെന്നാണ് ഫുട്ബോൾ ലോകം ഒന്നടങ്കം വിലയിരുത്തുന്നത്. എങ്കിലും ലോകകപ്പ് പോലൊരു വലിയ വേദിയിലെ ആദ്യ മത്സരത്തിൽ എന്ത് അത്ഭുതമാണ് ഉസ്ബെക്കിസ്ഥാൻ ഒരുക്കാൻ പോകുന്നതെന്ന ആകാംക്ഷയിലാണ് ആരാധകർ. മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇരു ടീമുകൾക്കും ഏറെ നിർണ്ണായകമാണ്.

