ലോകകപ്പ്: ബ്രസീൽ താരം റാഫിഞ്ഞയ്ക്ക് പരിക്ക്; ആശങ്കയിൽ ആരാധകർ
ലോകകപ്പിൽ ഹെയ്തിക്കെതിരായ മത്സരത്തിൽ ബ്രസീൽ 3-0ത്തിന് വിജയിച്ചെങ്കിലും ടീമിന് തിരിച്ചടിയായി റാഫിഞ്ഞയുടെ പരിക്ക്. ബാഴ്സലോണ വിങ്ങറായ റാഫിഞ്ഞയ്ക്ക് ഹാംസ്ട്രിങ് പരിക്കേറ്റതായി ലാ സെലാവോ സ്ഥിരീകരിച്ചു. താരം ഇതിനകം തന്നെ ചികിത്സ ആരംഭിച്ചിട്ടുണ്ട്.
മത്സരത്തിൽ ഗോൾ നേടിയ ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ, റാഫിഞ്ഞയുടെ പരിക്കിനെക്കുറിച്ച് പ്രതികരിച്ചു.
“പരിക്കേൽക്കുന്നത് എല്ലായ്പ്പോഴും വളരെ പ്രയാസകരമാണ്. പ്രത്യേകിച്ച് റാഫിഞ്ഞയെപ്പോലെ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു കളിക്കാരന് ഇത് കൂടുതൽ വിഷമകരമാണ്. ഈ സീസണിൽ നേരത്തെയും പലതവണ പരിക്ക് കാരണം താരം ബുദ്ധിമുട്ടിയിട്ടുണ്ട്,” റയൽ മാഡ്രിഡ് വിങ്ങർ പറഞ്ഞു.
“ഇത് ഗുരുതരമായ പരിക്കല്ലെന്നും ലോകകപ്പ് അവസാനിക്കുന്നത് വരെ അദ്ദേഹത്തിന് ഞങ്ങളോടൊപ്പം തുടരാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു,” വിനീഷ്യസ് കൂട്ടിച്ചേർത്തു.

