ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭരണഘടന ഭേദഗതി ചെയ്തു; ഇനി ‘ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത്’ എന്നറിയപ്പെട്ടേക്കും
ദേശീയ കായിക ഭരണ നിയമം (NSGA), 2025-ന് അനുസൃതമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) പുതുക്കിയ ഭരണഘടന അംഗീകരിക്കുന്നതിനായി ശനിയാഴ്ച വെർച്വൽ സ്പെഷ്യൽ ജനറൽ ബോഡി മീറ്റിംഗ് (SGBM) ചേർന്നു. എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, അംഗീകൃത അസോസിയേഷനുകളുടെ പ്രതിനിധികൾ, ഫിഫ (FIFA), എഎഫ്സി (AFC) ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷം പാർലമെന്റ് പാസാക്കിയ എൻഎസ്ജിഎ (NSGA), 2025-ന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ ഭരണഘടന തയ്യാറാക്കിയതെന്ന് എഐഎഫ്എഫ് അറിയിച്ചു. അഡ്മിനിസ്ട്രേഷൻ, സുതാര്യത, തിരഞ്ഞെടുപ്പ്, തർക്ക പരിഹാരം തുടങ്ങിയ വിഷയങ്ങളിൽ ദേശീയ കായിക ഫെഡറേഷനുകൾ പാലിക്കേണ്ട ചട്ടക്കൂടുകൾ ഈ നിയമത്തിൽ ഉൾക്കൊള്ളുന്നുണ്ട്. മെയ് 23-ന് കൊൽക്കത്തയിൽ നടന്ന സ്പെഷ്യൽ ജനറൽ ബോഡി മീറ്റിംഗിൽ ഇത് സംബന്ധിച്ച പ്രാഥമിക തീരുമാനങ്ങൾ എടുത്തിരുന്നു.
ഇതിനൊപ്പം പുതിയ എഐഎഫ്എഫ് തിരഞ്ഞെടുപ്പ് പാനലിനും യോഗം അംഗീകാരം നൽകി. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, മുൻ ഡൽഹി ഡിജിപിയും ഗോവ ഐജിപിയുമായിരുന്ന വിവേക് ഗോഗിയ, വിരമിച്ച സിബിഐ ഉദ്യോഗസ്ഥൻ സുരിന്ദർ സിംഗ് ഗുർം എന്നിവർ അടങ്ങുന്നതാണ് പാനൽ.
പ്രധാന തീരുമാനങ്ങൾ:
- ഐഎസ്എൽ (ISL) സീസൺ: 2026-27 ഇന്ത്യൻ സൂപ്പർ ലീഗിന് 2026 സെപ്റ്റംബർ 4-ന് തുടക്കം കുറിക്കാൻ തീരുമാനിച്ചു. 2026-27 സീസണിലെ വാർഷിക കലണ്ടറും അംഗീകരിച്ചു.
- പേരുമാറ്റം: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പേര് ‘ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത്’ (FFB) എന്ന് മാറ്റുന്നതിനായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് ശുപാർശ നൽകാൻ യോഗം തീരുമാനിച്ചു.
- ദേശീയ ഗാനം: എഐഎഫ്എഫിന്റെ കീഴിൽ നടക്കുന്ന എല്ലാ ഫുട്ബോൾ മത്സരങ്ങൾക്ക് മുൻപും ദേശീയ ഗാനമായ ‘ജനഗണമന’, ദേശീയ ഗീതമായ ‘വന്ദേമാതരം’ എന്നിവ ആലപിക്കണം.
- പ്ലെയർ റൂൾ: ഐഎസ്എൽ, ഐഎഫ്എൽ (IFL) മത്സരങ്ങളിൽ ഒരു ടീമിൽ മൂന്ന് വിദേശ താരങ്ങളെയും ഒരു ഒസിഐ (OCI) താരത്തെയും ഉൾപ്പെടുത്താം. ഇന്ത്യൻ മുന്നേറ്റനിര താരങ്ങളുടെ വളർച്ച ഉറപ്പാക്കുന്നതിനായി, 90 മിനിറ്റും ഒരു ഇന്ത്യൻ സ്ട്രൈക്കർ കളത്തിൽ ഉണ്ടാവണമെന്ന് നിർബന്ധമാക്കി.
- അച്ചടക്ക നടപടികൾ: ഫിഫയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി വിവേചനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കാനും, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിനുള്ള പിഴ വർദ്ധിപ്പിക്കാനും തീരുമാനിച്ചു.
- രജിസ്ട്രേഷൻ ഫീസ്: ടൂർണമെന്റ് രജിസ്ട്രേഷൻ ഫീസ് 25,000 രൂപയിൽ നിന്ന് 15,000 രൂപയായി കുറച്ചു. 12 വയസ്സിന് താഴെയുള്ള ആൺകുട്ടികൾക്ക് സിആർഎസ് (CRS) ഫീസ് 118 രൂപയായി നിശ്ചയിച്ചു. 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കുള്ള ഫീസ് ഇളവ് തുടരും.
- ഡിജിറ്റൽവൽക്കരണം: സിആർഎസ് പ്രൊഫൈലുകൾ ഡിജിലോക്കറുമായി ബന്ധിപ്പിക്കും. പണമടയ്ക്കാത്ത പ്രൊഫൈലുകൾ ഏഴ് ദിവസത്തിന് ശേഷം നീക്കം ചെയ്യും.
2027–28 സീസണിന്റെ തീയതികൾക്കും (2027 ജൂൺ 1 മുതൽ 2028 മെയ് 31 വരെ) പ്ലെയർ രജിസ്ട്രേഷൻ വിൻഡോകൾക്കും യോഗം അംഗീകാരം നൽകി.

