മാഞ്ചസ്റ്റർ യുണൈറ്റഡ് എഡേഴ്സനെ ടീമിലെത്തിക്കുന്നു: കരാർ നടപടികൾ ലോകകപ്പിന് ശേഷം
ബ്രസീലിന്റെ ലോകകപ്പ് പോരാട്ടങ്ങൾ അവസാനിച്ചാലുടൻ അറ്റ്ലാന്റയുടെ മിഡ്ഫീൽഡർ എഡേഴ്സണെ ടീമിലെത്തിക്കുന്ന കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും.
26 വയസ്സുള്ള താരത്തെ 35 ദശലക്ഷം പൗണ്ടിന് ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തിയിട്ടുണ്ട്. ട്രാൻസ്ഫർ നടപടികൾ ഏകദേശം പൂർത്തിയായതായി താരം തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, നിലവിൽ ബ്രസീലിന് വേണ്ടി കളിക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകകപ്പിന് ശേഷം എഡേഴ്സൺ മാഞ്ചസ്റ്ററിലെത്തി കരാർ നടപടികൾ പൂർത്തിയാക്കും.
അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം താരങ്ങൾക്ക് മൂന്നാഴ്ചത്തെ നിർബന്ധിത അവധി ലഭിക്കുന്നതിനാൽ, റെക്സാം, റോസൻബോർഗ് എന്നിവർക്കെതിരായ പ്രീ-സീസൺ മത്സരങ്ങളിൽ എഡേഴ്സൺ കളിക്കാൻ സാധ്യതയില്ല. പുതിയ സീസണിന് മുന്നോടിയായി അയർലൻഡിൽ വെച്ച് നടക്കുന്ന പരിശീലന ക്യാമ്പിൽ ലോകകപ്പിൽ പങ്കെടുത്ത മറ്റ് താരങ്ങൾക്കൊപ്പം എഡേഴ്സണെയും ഉൾപ്പെടുത്താനാണ് ക്ലബ്ബിന്റെ പദ്ധതി.

