ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ 39-ാം ജന്മദിനത്തിൽ ആശംസകളുമായി ലിവർപൂളിന്റെ മുൻ പരിശീലകൻ യുർഗൻ ക്ലോപ്പ്. മെസ്സി തന്നെ കെട്ടിപ്പിടിച്ചതുകൊണ്ടാണ് താൻ ലോകപ്രശസ്തനായതെന്ന് തമാശരൂപേണ ക്ലോപ്പ് പറഞ്ഞു.
“ജന്മദിനാശംസകൾ. ആ കെട്ടിപ്പിടുത്തത്തിന് വലിയൊരു നന്ദി, അതുകൊണ്ട് ഞാൻ വളരെ പ്രശസ്തനായി. മെസ്സിക്ക് അതൊക്കെ വളരെ എളുപ്പമാണ്. മെസ്സി എന്നെ കെട്ടിപ്പിടിച്ചതുകൊണ്ട് ഇപ്പോൾ ലോകം മുഴുവൻ എന്നെ അറിയുന്നു. ഈ ദിവസം നന്നായി ആഘോഷിക്കൂ. 40-ാം ജന്മദിനത്തിൽ കാണാം,” ക്ലോപ്പ് കുറിച്ചു.
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയക്കെതിരെ അർജന്റീന 2-0ത്തിന് ജയിച്ച മത്സരത്തിന് ശേഷമായിരുന്നു ഈ സംഭവം. മത്സരത്തിൽ അർജന്റീനയുടെ രണ്ട് ഗോളുകളും നേടിയത് മെസ്സിയായിരുന്നു. ജർമ്മൻ ചാനലായ മജന്ത ടിവിക്ക് വേണ്ടി പണ്ഡിറ്റ് ആയി എത്തിയതായിരുന്നു ക്ലോപ്പ്.
മത്സരശേഷം താൻ ലിവർപൂളിലെത്തിച്ച അലക്സിസ് മാക് അലിസ്റ്ററെ ക്ലോപ്പ് കെട്ടിപ്പിടിക്കുകയും അദ്ദേഹത്തിന്റെ ജേഴ്സി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മെസ്സി അവിടേക്ക് വരികയും ക്ലോപ്പിനെ കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യുകയും ചെയ്തത്.
Also Read – ‘മെസ്സിയും റൊണാൾഡോയും തമ്മിൽ താരതമ്യമില്ല’: ചൂടേറിയ ചർച്ചയിൽ അഭിപ്രായവുമായി മുൻ ഫുട്ബോൾ താരം
ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുന്നിൽ മെസ്സി
ഈ ലോകകപ്പിൽ മികച്ച ഫോമിലാണ് മെസ്സി. അർജന്റീനയുടെ അഞ്ച് ഗോളുകളും മെസ്സിയാണ് നേടിയത്. അൾജീരിയക്കെതിരെ ഹാട്രിക്കും ഓസ്ട്രിയക്കെതിരെ രണ്ട് ഗോളുകളും താരം നേടി. 38 വയസ്സും 357 ദിവസവും പ്രായമുള്ളപ്പോൾ ഹാട്രിക്ക് നേടിയതോടെ ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി മെസ്സി മാറി. ഞായറാഴ്ച ജോർദാനെതിരെ നടക്കുന്ന മത്സരത്തിലും മെസ്സി കളിക്കുമെങ്കിലും, അർജന്റീന ഇതിനകം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയതിനാൽ പരിശീലകൻ ലയണൽ സ്കലോനി താരത്തിന്റെ സമയം ക്രമീകരിച്ചേക്കും.
രണ്ടു വർഷം മുൻപ് ലിവർപൂൾ വിട്ട ക്ലോപ്പ് ഇപ്പോൾ പരിശീലക വേഷത്തിലില്ല. ലിവർപൂളിന്റെ അംബാസഡറായി തുടരുന്ന അദ്ദേഹം നിലവിൽ റെഡ് ബുള്ളിന്റെ ഗ്ലോബൽ ഫുട്ബോൾ മേധാവിയായും പണ്ഡിറ്റ് ആയും പ്രവർത്തിക്കുന്നു.

