2026 ലോകകപ്പ് റെക്കോർഡ് നേട്ടത്തിലെന്ന് ഡൊണാൾഡ് ട്രംപ്
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പ് വലിയ നേട്ടത്തിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
“കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്ക അഭിമാനത്തോടെ 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയാണ്. കാണികളുടെ എണ്ണത്തിലും ടെലിവിഷൻ പ്രേക്ഷകരുടെ കാര്യത്തിലും ഇതുവരെ കാണാത്ത റെക്കോർഡുകളാണ് ടൂർണമെന്റ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതൊരു പ്രധാന കായിക ഇനമല്ലെന്ന് പലരും പറയാറുണ്ടെങ്കിലും, ഇപ്പോൾ സംഭവിക്കുന്നത് അവിശ്വസനീയമാണ്,” ട്രംപ് വ്യക്തമാക്കി.
“എന്റെ സുഹൃത്തും ഫിഫ പ്രസിഡന്റുമായ ജിയാനി ഇൻഫാന്റിനോയെ ഞാൻ അഭിനന്ദിക്കുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് മികച്ച അനുഭവമാണ്. ഓരോ കാര്യവും റെക്കോർഡ് നേട്ടങ്ങളാണെന്നും ദിവസവും സൂപ്പർ ബൗൾ നടക്കുന്നത് പോലെയാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം സന്തോഷം പങ്കുവെച്ചു. ലോസ് ഏഞ്ചൽസിൽ വെച്ച് തുർക്കിക്കെതിരെ നടക്കുന്ന മത്സരത്തിൽ യുഎസ് ടീമിന് ആശംസകൾ നേരുന്നു. ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്,” ട്രംപ് കൂട്ടിച്ചേർത്തു.

