close
വെള്ളിയാഴ്‌ച, ജൂൺ 26
Advertisement

ബാഴ്‌സലോണയ്ക്ക് ജൂലിയൻ അൽവാരസ് അനുയോജ്യനെന്ന് ലൂയിസ് സുവാരസ്

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ താരമായ ജൂലിയൻ അൽവാരസ് ബാഴ്‌സലോണയ്ക്ക് മികച്ചൊരു സ്ട്രൈക്കർ സൈനിംഗ് ആകുമെന്ന് മുൻ ബാഴ്‌സലോണ താരവും നിലവിൽ ഇന്റർ മയാമി സ്ട്രൈക്കറുമായ ലൂയിസ് സുവാരസ് അഭിപ്രായപ്പെടുന്നു.

“തീർച്ചയായും. റിവർ പ്ലേറ്റിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലും പിന്നീട് അത്‌ലറ്റിക്കോയിലും ദേശീയ ടീമിലും താരം കാഴ്ചവെച്ച പ്രകടനം നോക്കുമ്പോൾ അൽവാരസ് ബാഴ്‌സലോണയിൽ പെട്ടെന്ന് ഇണങ്ങിചേരും. അദ്ദേഹം കഠിനാധ്വാനിയായ കളിക്കാരനാണ്. ബാഴ്‌സലോണയിൽ അദ്ദേഹത്തിന് അവസരങ്ങൾ ഒരുക്കി നൽകാൻ മികച്ച വിങ്ങർമാരുണ്ട്. പന്തിലുള്ള നിയന്ത്രണവും നീക്കങ്ങളും അദ്ദേഹത്തെ ബാഴ്‌സലോണയ്ക്ക് അനുയോജ്യനാക്കുന്നു. എന്നാൽ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്ന വലിയ ക്ലബ്ബ് വിട്ടുപോകുക എന്നത് അൽവാരസിനെ സംബന്ധിച്ച് പ്രയാസകരമായിരിക്കും,” ഉറുഗ്വായ് താരം പറഞ്ഞു.

ബാഴ്‌സലോണയുടെ സ്ട്രൈക്കർ ശൈലിയെക്കുറിച്ച് സുവാരസ് പറയുന്നത്: “ക്ലബ്ബ് എന്ത് ആവശ്യപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്. മറ്റൊരു സ്ട്രൈക്കർക്കൊപ്പം കളിക്കുന്ന നമ്പർ നൈൻ ഉണ്ട്, അതുപോലെ സെന്റർ ബാക്കുകളെ തളച്ചിടുന്ന പരമ്പരാഗത നമ്പർ നൈനും ഉണ്ട്. ബാഴ്‌സലോണയുടെ ഇന്നത്തെ കളി ശൈലി വെച്ച് നോക്കുമ്പോൾ റോബർട്ട് ലെവൻഡോവ്സ്കിയെപ്പോലെയുള്ള ഒരു പരമ്പരാഗത നമ്പർ നൈനെയാണ് അവർക്ക് ആവശ്യം. ഫെറാൻ ടോറസിനെപ്പോലെയുള്ളവരുടെ പിന്തുണയും ഇതിന് ആവശ്യമാണ്. എന്നാൽ ബാഴ്‌സലോണയിൽ എത്തിയ ഉടൻ മികവ് കാട്ടുക എന്നത് എളുപ്പമല്ല. ആദ്യ മത്സരങ്ങളിൽ തന്നെ നാലോ അഞ്ചോ ഗോൾ അടിച്ചാൽ ആരാധകരുടെ പ്രതീക്ഷ വലിയ തോതിലേക്ക് ഉയരും.”

Advertisement

“ബാഴ്‌സലോണയിൽ വർഷങ്ങളോളം ഒരേ നിലവാരം പുലർത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ക്ലബ്ബിന്റെ ഉയർന്ന ഡിമാൻഡുകൾ ഞങ്ങൾ നിറവേറ്റിയിട്ടുണ്ട്. മോശം മത്സരങ്ങൾ സ്വാഭാവികമാണ്, പക്ഷേ മൂന്ന് ദിവസത്തിനുള്ളിൽ തിരിച്ചു വരാനുള്ള അവസരം ലഭിക്കും. നിലവിൽ ബാഴ്‌സലോണയുടെ നിലവാരത്തിനൊത്ത നിരവധി നമ്പർ നൈൻ താരങ്ങൾ ലഭ്യമാണ്. ലോകകപ്പിന് ശേഷം ക്ലബ്ബ് എന്ത് തീരുമാനമെടുക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.”


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.