മൈതാനത്തെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധനേടിയ കേപ്പ് വേർഡ് ഫുട്ബോൾ ടീം ഇപ്പോൾ വിവാദങ്ങളിൽ. ടീം ക്യാപ്റ്റൻ റയാൻ മെൻഡസിനെതിരെ ന്യൂസിലാൻഡ് പോലീസ് ബലാത്സംഗക്കുറ്റത്തിന് അന്വേഷണം നടത്തിവരികയാണ്.
ഈ വർഷം മാർച്ചിൽ ന്യൂസിലാൻഡിൽ നടന്ന ഫിഫ സീരീസ് ടൂർണമെന്റിനിടെ ബ്രസീലിയൻ വംശജയായ ഒരു വിവർത്തകയെ റയാൻ മെൻഡസ് പീഡിപ്പിച്ചെന്നാണ് ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയുടെ റിപ്പോർട്ട്.
കേപ്പ് വേർഡ്, ഫിൻലൻഡ്, ചിലി, ആതിഥേയരായ ന്യൂസിലാൻഡ് എന്നീ നാല് ടീമുകൾ പങ്കെടുത്ത സൗഹൃദ ടൂർണമെന്റായിരുന്നു ഫിഫ സീരീസ്.
മാർച്ച് 27-നാണ് സംഭവം നടന്നത്. ചിലിക്കെതിരായ മത്സരത്തിന് ശേഷം ജോലി സംബന്ധമായ ആവശ്യത്തിനായി ടീം ഹോട്ടലിലെത്താൻ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതൊരു ഔദ്യോഗിക യോഗമല്ലെന്നും സാമൂഹിക ഒത്തുചേരലാണെന്നും മനസ്സിലാക്കിയ അവർ തിരികെ മുറിയിലേക്ക് മടങ്ങി. തുടർന്ന് മെൻഡസ് യുവതിയുടെ മുറിയിലെത്തുകയും, വാതിൽ തുറന്നപ്പോൾ ബലമായി അകത്ത് കടന്ന് പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി.
Also Read: ബ്രസീലിന്റെ മികവും ജപ്പാന്റെ പോരാട്ടവീര്യവും: റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ ആര് ജയിക്കും?
അന്വേഷണം പുരോഗമിക്കുന്നു
ഏപ്രിൽ 10 മുതൽ ഈ കേസിൽ അന്വേഷണം നടന്നുവരികയാണെന്ന് ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നു. യുവതിയുടെ ശരീരത്തിലേറ്റ പരിക്കുകളുടെ ചിത്രങ്ങൾ തെളിവായി നൽകിയിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
ഏതൊരു ആരോപണത്തെയും ഗൗരവത്തോടെയാണ് കാണുന്നതെന്നും ന്യൂസിലാൻഡ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഫിഫ യുഎസ്എ ടുഡേയോട് വ്യക്തമാക്കി.
“ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. അന്വേഷണങ്ങൾ നടക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഔദ്യോഗികമായി ഒന്നും പറയാനാകില്ല,” ഫിഫ അറിയിച്ചു.
കേപ്പ് വേർഡ് ഫുട്ബോൾ ഫെഡറേഷൻ ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അർജന്റീനയ്‌ക്കെതിരായ റൗണ്ട് ഓഫ് 16 മത്സരത്തിൽ മെൻഡസ് കളിക്കാൻ സാധ്യതയുണ്ട്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്‌ക്കെതിരെ അദ്ദേഹം ഇറങ്ങുകയാണെങ്കിൽ, മത്സരത്തിന് മുൻപുള്ള ഹസ്തദാനം താരം ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സമാനമായ ആരോപണം നേരിടുന്ന തോമസ് പാർട്ടിക്ക് നേരത്തെ ഇംഗ്ലണ്ട് താരം ജെഡ് സ്പെൻസ് ഹസ്തദാനം നൽകാൻ വിസമ്മതിച്ചിരുന്നു. പീഡനക്കേസിൽ പ്രതിയായ പാർട്ടി യുകെയിൽ നവംബറിൽ വിചാരണ നേരിടാനിരിക്കുകയാണ്.

