ഘാന ഫുട്ബോൾ താരം ഡൊമിനിക് ഫ്രിമ്പോങ് അക്രമികളുടെ വെടിയേറ്റ് മരിച്ചു
ഘാന ക്ലബ്ബായ ബെറെക്കും ചെൽസിയുടെ ഇരുപതുകാരനായ ഫുട്ബോൾ താരം ഡൊമിനിക് ഫ്രിമ്പോങ് അക്രമികളുടെ വെടിയേറ്റ് മരിച്ചു. ടീം ബസിന് നേരെ നടന്ന സായുധ ആക്രമണത്തിലാണ് താരത്തിന്റെ മരണം സംഭവിച്ചത്.
ഘാന പ്രീമിയർ ലീഗിന്റെ 29-ാം റൗണ്ടിൽ സമർടെക്സുമായുള്ള എവേ മത്സരത്തിന് ശേഷം മടങ്ങവെ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഈ മത്സരത്തിൽ ബെറെക്കും ചെൽസി 0-1 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു.
“സാംറെബോയിയിൽ നിന്ന് ബെറെക്കുമിലേക്കുള്ള മടക്കയാത്രയ്ക്കിടെ, വഴി തടഞ്ഞ സായുധരായ കൊള്ളക്കാരുടെ സംഘം ഞങ്ങളുടെ ടീം ബസ് ആക്രമിക്കുകയായിരുന്നു,” എന്ന് ക്ലബ് അധികൃതർ വ്യക്തമാക്കി.
“മുഖംമൂടി ധരിച്ച അക്രമികൾ പിസ്റ്റളുകളും അസോൾട്ട് റൈഫിളുകളും ഉപയോഗിച്ച് ബസിന് നേരെ വെടിയുതിർത്തു. ബസ് ഡ്രൈവർ വാഹനം തിരിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു വെടിവെപ്പ്. രക്ഷപ്പെടാനായി കളിക്കാരും സ്റ്റാഫുകളും സമീപത്തുള്ള കാടുകളിലേക്ക് ഓടിമാറുകയായിരുന്നു.”

