പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരത്തിന് റയാൻ ചെർക്കി അർഹനെന്ന് അഡ്രിയാൻ ഡർഹാം
മാഞ്ചസ്റ്റർ സിറ്റി താരം റയാൻ ചെർക്കിയെ ഈ വർഷത്തെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരത്തിന് ഏറ്റവും സാധ്യതയുള്ള താരമായി പ്രഖ്യാപിച്ച് ബ്രോഡ്കാസ്റ്റർ അഡ്രിയാൻ ഡർഹാം രംഗത്ത്.
മറ്റ് ക്ലബ്ബുകളിലെ, പ്രത്യേകിച്ച് ആഴ്സണലിലെ താരങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഡർഹാം ചെർക്കിയുടെ പേര് നിർദ്ദേശിച്ചത്.
“ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരത്തെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. ഇതിൽ ആഴ്സണൽ താരങ്ങൾക്ക് സ്ഥാനമില്ല, അവർ ഫുട്ബോളർമാരല്ല, കേവലം റോബോർട്ടുകൾ മാത്രമാണ്. ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരത്തിന് റയാൻ ചെർക്കി മാത്രമേ അർഹനായുള്ളൂ. അദ്ദേഹം ഇതിനകം തന്നെ അത് സ്വന്തമാക്കി കഴിഞ്ഞു,” ഡർഹാം പറഞ്ഞു.
ലയോണിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലെത്തിയതിന് ശേഷമുള്ള ആദ്യ സീസണിൽ തന്നെ 22-കാരനായ ചെർക്കി മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. എല്ലാ മത്സരങ്ങളിലുമായി 20 ഗോൾ കോൺട്രിബ്യൂഷനുകൾ അദ്ദേഹം ഇതിനകം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച അറ്റാക്കിങ് കളിക്കാരിൽ ഒരാളായും അദ്ദേഹം മാറി.
പ്രധാന മത്സരങ്ങളിലെ ചെർക്കിയുടെ സ്വാധീനം വ്യക്തമാണ്. ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ സിറ്റി 4-0ന് വിജയിച്ച എഫ്എ കപ്പ് മത്സരത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

