ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും വീണ്ടും നേർക്കുനേർ വന്നേക്കും. അമേരിക്കൻ ഫുട്ബോൾ ലീഗായ എംഎൽഎസിൽ കളിക്കാൻ നെയ്മറെ എത്തിക്കാൻ എഫ്‌സി സിൻസിനാറ്റി ശ്രമം തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
നെയ്മറിന്റെ മാനേജ്‌മെന്റുമായി ക്ലബ് പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. നെയ്മർക്ക് ഇതിൽ താല്പര്യമുണ്ടോ എന്നും അദ്ദേഹത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ എന്തൊക്കെയാണെന്നും ക്ലബ് പരിശോധിക്കുകയാണ്.
നിലവിൽ സാന്റോസുമായി 2026 ഡിസംബർ വരെ നെയ്മറിന് കരാറുണ്ട്. ജൂൺ മുതൽ ഏത് ക്ലബ്ബുമായും മുൻകൂർ കരാറിൽ ഒപ്പിടാൻ താരത്തിന് സാധിക്കും.
എഫ്‌സി സിൻസിനാറ്റിയിലെ ബ്രസീലിയൻ താരമായ ഇവാണ്ടർ നെയ്മറെ ടീമിലെത്തിക്കാൻ വലിയ താല്പര്യം കാണിക്കുന്നുണ്ട്. മെസ്സിയുടെ ഇന്റർ മയാമിയെ തകർക്കാൻ നെയ്മർ തങ്ങൾക്കൊപ്പം ചേരണമെന്നാണ് ഇവാണ്ടർ പറയുന്നത്.
ലയണൽ മെസ്സിയുടെ ഇന്റർ മയാമിയിൽ ഒട്ടേറെ അർജന്റീന താരങ്ങളുണ്ട്. റോഡ്രിഗോ ഡി പോൾ, ടാഡിയോ അലൻഡെ, മാറ്റിയോ സിൽവെറ്റി, ഫകുണ്ടോ മുറ, ഡേവിഡ് അയാല, റോക്കോ റിയോസ് നോവോസ്, ഗോൺസാലോ ലുജാൻ എന്നിവരടങ്ങുന്ന വലിയൊരു സംഘം അവിടെയുണ്ട്.
നേരത്തെ ബാഴ്സലോണയിലും പിഎസ്ജിയിലും മെസ്സിയും നെയ്മറും സഹതാരങ്ങളായി 206 മത്സരങ്ങളിൽ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദം ഫുട്ബോൾ ലോകത്ത് വളരെ പ്രസിദ്ധവുമാണ്.
ഇവർ ഇതുവരെ ആറ് തവണ എതിരാളികളായി കളിക്കളത്തിൽ ഇറങ്ങിയിട്ടുണ്ട്. ഇതിൽ നാല് തവണ മെസ്സിയുടെ ടീം ജയിച്ചപ്പോൾ, രണ്ട് തവണ മാത്രമാണ് നെയ്മറിന് വിജയിക്കാൻ സാധിച്ചത്.

