മുഹമ്മദ് സലായ്ക്ക് പകരക്കാരനെ തേടി ലിവർപൂൾ; യാൻകുബ മിൻ്റെ പരിഗണനയിൽ
ഈ സീസൺ അവസാനത്തോടെ ലിവർപൂൾ വിടുമെന്ന് മുഹമ്മദ് സലാ സ്ഥിരീകരിച്ചതിന് പിന്നാലെ, ടീമിലെ വലതു വിങ്ങിൽ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലിവർപൂൾ. ഇതിന്റെ ഭാഗമായി ബ്രൈറ്റൺ വിങ്ങർ യാൻകുബ മിൻ്റെയെ ലിവർപൂൾ തങ്ങളുടെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫെയ്‌നോർഡിൽ ആർനെ സ്ലോട്ടിന് കീഴിൽ പ്രവർത്തിച്ച പരിചയമുള്ള മിൻ്റെ, ടീമിന് അനുയോജ്യനായ ഒരു താരമാണെന്നാണ് ലിവർപൂളിന്റെ വിലയിരുത്തൽ. വേനൽക്കാല ട്രാൻസ്ഫർ ജാലകം തുറക്കുന്നതിന് മുന്നോടിയായി താരത്തെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ക്ലബ് സജീവമാക്കിയിട്ടുണ്ട്.
2024-ൽ ന്യൂകാസിലിൽ നിന്ന് മിൻ്റെയെ സ്വന്തമാക്കാൻ ബ്രൈറ്റൺ ചെലവാക്കിയ 33 ദശലക്ഷം പൗണ്ടിന്റെ ഇരട്ടി തുകയാകും താരം ക്ലബ് വിടുമ്പോൾ അവർ ആവശ്യപ്പെടുക.
മിൻ്റെയ്ക്ക് പുറമെ ആർബി ലെയ്പ്‌സിഗിന്റെ യാൻ ഡിയോമാൻഡെ, യുവന്റസ് വിങ്ങർ ഫ്രാൻസിസ്കോ കോൺസീക്കാവോ, ഹോഫൻഹൈമിന്റെ ബസൗമാന ടൂറെ എന്നിവരും ലിവർപൂളിന്റെ പരിഗണനാ പട്ടികയിലുണ്ട്.

