സ്പെയിനിലെ ബസ്കാരയിൽ നടന്ന എംഐസി കപ്പ് അണ്ടർ-15 വിഭാഗത്തിൽ ലിവർപൂളിനെതിരെ മിനർവ അക്കാദമിക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ഇന്ത്യൻ ടീം വിജയിച്ചത്. ഇതോടെ മിനർവ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
രണ്ടാം മിനിറ്റിൽ മുഹമ്മദ് അസം ഖാൻ ആണ് ആദ്യ ഗോൾ നേടിയത്. പതിനൊന്നാം മിനിറ്റിൽ അമർസൺ സിങ് ലീഡ് രണ്ടാക്കി ഉയർത്തി. തുടർന്ന് 25, 28 മിനിറ്റുകളിൽ രാജ് സിങ് ഇരട്ട ഗോളുകൾ നേടി. 36-ാം മിനിറ്റിൽ അസം തന്റെ രണ്ടാം ഗോൾ കൂടി അടിച്ചതോടെ സ്കോർ 5-0 ആയി.
47-ാം മിനിറ്റിൽ രാജ് സിങ് ഹാട്രിക് തികച്ചതോടെ മിനർവ അക്കാദമി 6-0 എന്ന വലിയ വിജയത്തിലേക്ക് എത്തി.
കഴിഞ്ഞ വർഷം സ്വീഡനിലെ ഗോതിയ കപ്പ്, ഡെൻമാർക്കിലെ ഡാന കപ്പ്, നോർവേയിലെ നോർവേ കപ്പ് എന്നിങ്ങനെ മൂന്ന് പ്രധാന കിരീടങ്ങൾ നേടിയ മിനർവ അക്കാദമിക്ക് ഈ വിജയം മറ്റൊരു നേട്ടമായി.
ടീം അംഗങ്ങളെ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ തുടക്കമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
“അന്താരാഷ്ട്ര വേദികളിൽ കൂടുതൽ നേട്ടങ്ങൾ കൊയ്യാനുള്ള നമ്മുടെ യാത്രയിൽ ഇതൊരു പുതിയ തുടക്കമാണ്,” മാണ്ഡവ്യ പറഞ്ഞു.
Published on Apr 03, 2026

