ബെംഗളൂരു എഫ്‌സിയുടെ പുതിയ യൂത്ത് ഡെവലപ്‌മെന്റ് ഹെഡ് ആയി സാവിയോ മെഡീരയെ നിയമിച്ചു. ബുധനാഴ്ചയാണ് ക്ലബ്ബ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
കോച്ചിംഗിലും സാങ്കേതിക വികസനത്തിലും പരിശീലനരംഗത്തുമായി രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അനുഭവസമ്പത്തുമായാണ് സാവിയോ മെഡീര എത്തുന്നത്. ഇന്ത്യൻ പുരുഷ ടീമിന്റെ പരിശീലകനായും അസിസ്റ്റന്റ് കോച്ചായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2011-ലെ സാഫ് ചാമ്പ്യൻഷിപ്പ്, നെഹ്‌റു കപ്പ്, എഎഫ്‌സി ചലഞ്ച് കപ്പ് എന്നിവ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
ക്ലബ്ബ് തലത്തിൽ സാൽഗോക്കർ സ്പോർട്സ് ക്ലബ്ബിനൊപ്പം മികച്ച നേട്ടങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2002 മുതൽ 2005 വരെ ഗോവ പ്രൊഫഷണൽ ലീഗ് കിരീടങ്ങൾ നേടിക്കൊടുക്കാനും നാഷണൽ ലീഗിൽ ടീമിനെ രണ്ടാം സ്ഥാനത്ത് എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. 2003-ലെ ഡ്യൂറൻഡ് കപ്പിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരവും മെഡീര നേടിയിട്ടുണ്ട്.
“യൂത്ത് ഡെവലപ്‌മെന്റ് രംഗത്ത് ബെംഗളൂരു എഫ്‌സി മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. അതിനായി പ്രവർത്തിക്കുന്ന മുഴുവൻ പരിശീലകർക്കും മറ്റ് ജീവനക്കാർക്കും ഇതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടതാണ്. അണ്ടർ 14, 16, 18 ടീമുകളും റിസർവ് ടീമും നിലവിൽ വളർച്ചയുടെ പാതയിലാണ്,” നിയമനത്തിന് ശേഷം മെഡീര പറഞ്ഞു.
“പുറത്തുനിന്നുള്ള കളിക്കാരെ ടീമിലെടുക്കുന്നതിന് പകരം, പ്രാദേശികമായി മികച്ച കളിക്കാരെ വളർത്തിക്കൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം. അതാണ് ഒരു ക്ലബ്ബിന്റെ യൂത്ത് ഡെവലപ്‌മെന്റ് കൊണ്ട് അർത്ഥമാക്കുന്നത്. ഈ ശൈലി ബെംഗളൂരു എഫ്‌സിയിൽ കൂടുതൽ ശക്തിപ്പെടുത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Published on Apr 01, 2026

