close
തിങ്കളാഴ്‌ച, ജൂൺ 8
Advertisement

കൊച്ചിയിൽ ഒഡീഷ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ ജയം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025-26 സീസണിലെ മത്സരത്തിൽ ഒഡീഷ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. വ്യാഴാഴ്ച കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ പരാജയപ്പെടുത്തിയത്. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ പകരക്കാരനായി ഇറങ്ങിയ മത്യാസ് ഹെർണാണ്ടസാണ് ബ്ലാസ്റ്റേഴ്‌സിനായി വിജയഗോൾ നേടിയത്.

മത്സരത്തിന്റെ അധികസമയത്തെ (സ്റ്റോപ്പേജ് ടൈം) മൂന്നാം മിനിറ്റിൽ എബിന്ദാസ് യേശുദാസൻ എടുത്ത കോർണർ കിക്കിൽ നിന്നാണ് മത്യാസ് ഹെർണാണ്ടസ് ഹെഡറിലൂടെ ലക്ഷ്യം കണ്ടത്. ഒഡീഷ പ്രതിരോധനിരയെ മറികടന്ന് മത്യാസ് പന്ത് വലയിലാക്കിയതോടെ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം വിജയവും പിറന്നു. ഒഡീഷ ഉയർത്തിയ കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് ആണ് ലീഡ് നേടിയത്. 12-ാം മിനിറ്റിൽ കെവിൻ യോക്ക് ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് ഒഡീഷ പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടി വിക്ടർ ബെർട്ടോമിന് മുന്നിൽ എത്തി. പന്ത് കൃത്യമായി നിയന്ത്രിച്ച വിക്ടർ ബെർട്ടോം അനായാസം ഒഡീഷ ഗോൾകീപ്പർ അമരീന്ദർ സിങ്ങിനെ മറികടന്ന് പന്ത് വലയിലാക്കി.

Advertisement

എന്നാൽ, ആത്മവിശ്വാസത്തോടെ തിരിച്ചുവന്ന ഒഡീഷ 27-ാം മിനിറ്റിൽ സമനില പിടിച്ചു. ഹിതേഷ് ശർമ നൽകിയ പാസ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച റഹീം അലിയാണ് ഒഡീഷയ്ക്ക് വേണ്ടി ഗോൾ മടക്കിയത്. മത്സരത്തിലുടനീളം റഹീം അലി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് പലപ്പോഴും തലവേദന സൃഷ്ടിച്ചു.

Read Also:  ഐഎസ്എൽ 2026-27 സീസൺ സെപ്റ്റംബർ 1 മുതൽ ഏപ്രിൽ 11 വരെ; എഐഎഫ്എഫ് കരട് ഷെഡ്യൂൾ പുറത്ത്

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒഡീഷ ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖത്ത് സമ്മർദ്ദം ചെലുത്തി. റഹീം അലിയുടെ മികച്ചൊരു ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ അർഷ് അൻവർ ഷെയ്ഖ് തടഞ്ഞിട്ടു. പിന്നീട് കളിയിലേക്ക് തിരിച്ചുവന്ന ബ്ലാസ്റ്റേഴ്‌സ്, കെവിൻ യോക്കിന്റെ നേതൃത്വത്തിൽ മികച്ച മുന്നേറ്റങ്ങൾ നടത്തി. 70-ാം മിനിറ്റിൽ യോക്ക് നൽകിയ പാസ് സ്വീകരിച്ച് പകരക്കാരൻ അജ്സൽ തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് മത്യാസ് ഹെർണാണ്ടസ് ബ്ലാസ്റ്റേഴ്‌സിന് വിജയഗോൾ സമ്മാനിച്ചത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.