ഗോവയിൽ നടക്കുന്ന ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAFF) ടൂർണമെന്റിൽ പാകിസ്ഥാൻ വനിതാ ഫുട്ബോൾ ടീം പങ്കെടുക്കില്ല. ഇന്ത്യയിൽ കളിക്കാനുള്ള അനുമതി ലഭിക്കാത്തതിനെത്തുടർന്നാണ് തീരുമാനം.
“ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഞങ്ങൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ലഭിച്ചിട്ടില്ല,” പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ (PFF) വക്താവ് അൽ ജസീറയോട് പറഞ്ഞു.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടൂർണമെന്റ് ഇന്ത്യയിൽ നടക്കുന്നത്. മെയ് 25 മുതൽ ജൂൺ 7 വരെയാണ് മത്സരങ്ങൾ. മഡ്ഗാവിലെ ഫത്തോർഡ സ്റ്റേഡിയമാണ് വേദിയാകുന്നത്. 2016-ൽ പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് ടൂർണമെന്റ് അവസാനമായി നടന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളിലും സമാനമായ സാഹചര്യം നിലനിന്നിരുന്നു. 2025-ൽ ദുബായിൽ നടന്ന ഏഷ്യാ കപ്പ് വലിയ വിവാദങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ടൂർണമെന്റിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ഫൈനലിന് ശേഷം സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ താരങ്ങൾ പാകിസ്ഥാൻ താരങ്ങളുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചിരുന്നു.
മത്സരത്തിനിടെ പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ് വിവാദപരമായ ആംഗ്യം കാണിച്ചത് ശ്രദ്ധേയമായിരുന്നു. പാകിസ്ഥാൻ സൈന്യം ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതിനെ അനുകരിക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രവൃത്തി. എന്നാൽ ഇതിന് യാതൊരു വിധ തെളിവുകളുമില്ല.
വിദേശ പര്യടനങ്ങൾക്ക് പോകുന്ന പാകിസ്ഥാൻ ടീമുകൾക്ക് സർക്കാർ അനുമതി നിർബന്ധമാണ്. ബുധനാഴ്ച പുറത്തുവിട്ട SAFF വനിതാ ചാമ്പ്യൻഷിപ്പിന്റെ ഷെഡ്യൂളിൽ പാകിസ്ഥാനെ ഉൾപ്പെടുത്തിയിരുന്നില്ല. ധാക്കയിൽ നടന്ന ഔദ്യോഗിക നറുക്കെടുപ്പിലൂടെ മറ്റ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു.
“നേപ്പാൾ, ഇന്ത്യ, ശ്രീലങ്ക, ഭൂട്ടാൻ, മാലിദ്വീപ്, നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശ് എന്നിവർ ടൂർണമെന്റിൽ പങ്കെടുക്കും,” ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
അഞ്ച് തവണ കിരീടം ചൂടിയ ഇന്ത്യ!
രണ്ട് വർഷത്തിലൊരിക്കലാണ് SAFF വനിതാ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. 2010-ൽ ആരംഭിച്ച ടൂർണമെന്റിൽ അഞ്ച് തവണ ഇന്ത്യ ജേതാക്കളായിട്ടുണ്ട്. 2024-ൽ നേപ്പാളിലാണ് അവസാനത്തെ ചാമ്പ്യൻഷിപ്പ് നടന്നത്.
അന്ന് ഫൈനലിൽ നേപ്പാളിനെ പരാജയപ്പെടുത്തി ബംഗ്ലാദേശ് കിരീടം നേടിയിരുന്നു (സ്കോർ 2-1). അതേസമയം, ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് 5-2 ന് തോറ്റ പാകിസ്ഥാൻ പുറത്തായിരുന്നു. ബംഗ്ലാദേശുമായുള്ള അവരുടെ മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തു.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) പുറത്തുവിട്ട ടൂർണമെന്റിന്റെ പൂർണ്ണരൂപം താഴെ നൽകുന്നു.
SAFF WOMEN’S CHAMPIONSHIP 2026 FINAL DRAW
GROUP A: നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ
GROUP B: ഇന്ത്യ (ആതിഥേയർ), ബംഗ്ലാദേശ്, മാലിദ്വീപ്
SAFF WOMEN’S CHAMPIONSHIP 2026 FIXTURES
തിങ്കൾ, മെയ് 25:
16:30, ഭൂട്ടാൻ vs നേപ്പാൾ
19:30, മാലിദ്വീപ് vs ഇന്ത്യ
വ്യാഴം, മെയ് 28:
16:30, ശ്രീലങ്ക vs ഭൂട്ടാൻ
19:30, ബംഗ്ലാദേശ് vs മാലിദ്വീപ്
ഞായർ, മെയ് 31:
16:30, നേപ്പാൾ vs ശ്രീലങ്ക
19:30, ഇന്ത്യ vs ബംഗ്ലാദേശ്
ബുധൻ, ജൂൺ 3 (സെമി-ഫൈനൽ):
16:00, ഗ്രൂപ്പ് എ വിജയികൾ vs ഗ്രൂപ്പ് ബി റണ്ണേഴ്സ് അപ്പ്
20:00, ഗ്രൂപ്പ് ബി വിജയികൾ vs ഗ്രൂപ്പ് എ റണ്ണേഴ്സ് അപ്പ്
ശനി, ജൂൺ 7:
18:30, ഫൈനൽ

