റയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനെതിരെ വിമർശനവുമായി ജെറാർഡ് പിക്കെ
റഫറി അലോൺസോ ഡി എന വുൾഫിനെ സംബന്ധിച്ചുള്ള ഔദ്യോഗിക പരാതിയിൽ ഒരു മാസമായിട്ടും മറുപടി നൽകാത്തതിൽ റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനെതിരെ (RFEF) രൂക്ഷ വിമർശനവുമായി മുൻ ബാഴ്സലോണ പ്രതിരോധ താരം ജെറാർഡ് പിക്കെ രംഗത്തെത്തി.
അൻഡോറ ഫുട്ബോൾ ക്ലബ്ബിന്റെ ഉടമയായ പിക്കെ, തങ്ങളുടെ ക്ലബ്ബിന്റെ ഔദ്യോഗിക പ്രസ്താവന പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ച് 23-ന് അയച്ച കത്തിന് ഒരു മാസത്തിലേറെയായിട്ടും ഫെഡറേഷനിൽ നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സമീപകാലത്ത് നടന്ന മത്സരത്തിനിടെ റഫറി എന വുൾഫ് ‘പ്രതിഷേധിച്ചു’ എന്നാരോപിച്ച് നാല് ചുവപ്പ് കാർഡുകൾ നൽകിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. തങ്ങളോട് റഫറിക്ക് വ്യക്തിപരമായ വിരോധമുണ്ടെന്നും, ഈ നിലവാരത്തിലുള്ള മത്സരങ്ങൾ നിയന്ത്രിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നുമാണ് ക്ലബ്ബിന്റെ വാദം.
തങ്ങളുടെ മത്സരങ്ങളിൽ എന വുൾഫിനെ റഫറിയായി നിയോഗിക്കരുതെന്ന് നേരത്തെ തന്നെ അൻഡോറ ടീം ടെക്നിക്കൽ കമ്മിറ്റി ഓഫ് റഫറീസിനോട് (CTA) ആവശ്യപ്പെട്ടിരുന്നു. രണ്ടാം ഡിവിഷനിലെ ക്ലബ്ബുകൾ റഫറിംഗിനായി വർഷത്തിൽ 4,70,000 യൂറോയിലധികം നൽകുന്നുണ്ടെന്ന് പിക്കെ ഓർമ്മിപ്പിച്ചു. ഔദ്യോഗിക പരാതി ലഭിച്ചിട്ടും എങ്ങനെയാണ് ഇത്ര വേഗത്തിൽ അതേ റഫറിയെ വീണ്ടും നിയമിക്കാൻ കഴിയുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.
ഈ സാഹചര്യത്തെ ഒരു നാണക്കേട് എന്ന് വിശേഷിപ്പിച്ച പിക്കെ, റഫറിയുടെ തീരുമാനങ്ങൾ യാദൃശ്ചികമല്ലെന്നും ആരോപിച്ചു.

