2026-ലെ ഫിഫ ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ വിസ നടപടികൾ നേരത്തെ തന്നെ പൂർത്തിയാക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ടൂർണമെന്റ് നടക്കുന്ന വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആവശ്യമായ യാത്രാ രേഖകൾ കൃത്യമായി ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. വിനോദസഞ്ചാരത്തിനോ ബിസിനസ് ആവശ്യങ്ങൾക്കോ അമേരിക്കയിലേക്ക് പോകുന്നവർ സാധാരണയായി B1/B2 വിസിറ്റർ വിസയാണ് എടുക്കേണ്ടത്. ഇതിനായി DS-160 ഫോം പൂരിപ്പിച്ച് ഫീസടച്ച് ഇന്റർവ്യൂവിന് അപ്പോയിന്റ്മെന്റ് എടുക്കേണ്ടതുണ്ട്.
ലോകകപ്പ് കാണാൻ എത്തുന്നവർക്കായി ‘ഫിഫ പാസ്’ (FIFA PASS) എന്ന പ്രത്യേക സംവിധാനം യുഎസ് ഒരുക്കിയിട്ടുണ്ട്. ഫിഫയിൽ നിന്ന് നേരിട്ട് ടിക്കറ്റ് വാങ്ങുകയും ഈ സൗകര്യം തിരഞ്ഞെടുക്കുകയും ചെയ്യുന്നവർക്ക് ടൂർണമെന്റിന് മുൻപായി വിസ ഇന്റർവ്യൂ ലഭിക്കാൻ ഇത് സഹായിക്കും. അമേരിക്കയിലേക്ക് പ്രവേശിക്കുന്നവർക്ക് പാസ്‌പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലാവധിയെങ്കിലും ഉണ്ടായിരിക്കണം.
വിസ ഒഴിവാക്കൽ പരിധിയിൽ (Visa Waiver Program) ഉൾപ്പെടുന്ന 42 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ (ESTA) വഴി വിസയില്ലാതെ തന്നെ 90 ദിവസം വരെ അമേരിക്കയിൽ തങ്ങാം. എന്നാൽ ഇവർ യാത്രയ്ക്ക് മുൻപ് തന്നെ ESTA രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം. കാനഡ, ബെർമുഡ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ലോകകപ്പിനായി അമേരിക്കയിലേക്ക് വരാൻ വിസയോ പ്രത്യേക അനുമതിയോ ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

