ലമിൻ യമാൽ സ്പെയിനിന്റെ മികച്ച താരം: എറിക് ഗാർസിയ
ലമിൻ യമാൽ സ്പെയിൻ ടീമിലെ ഏറ്റവും മികച്ച പ്രതിഭയാണെന്ന് സ്പാനിഷ് താരം എറിക് ഗാർസിയ അഭിപ്രായപ്പെട്ടു. 2026-ലെ ലോകകപ്പിന്റെ ഫലം എന്തുതന്നെയായാലും ബാഴ്‌സലോണ വിങ്ങറായ യമാൽ ലോകോത്തര നിലവാരം പുലർത്തുമെന്ന് അദ്ദേഹം പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിനുള്ള സ്പെയിൻ ടീമിന്റെ ഔദ്യോഗിക പരിശീലന ക്യാമ്പായ ചട്ടനൂഗയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി നടത്തിയ മാധ്യമ സമ്മേളനത്തിലാണ് എറിക് ഗാർസിയ തന്റെ സഹതാരത്തെക്കുറിച്ച് സംസാരിച്ചത്.
“ലമിൻ യമാലിന് ഞാൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. വലിയ ടൂർണമെന്റുകളിൽ കളിക്കുകയെന്നാൽ എന്താണെന്ന് അവന് നന്നായി അറിയാം. അതിനുള്ള കഴിവ് അവനുണ്ട്. ബാഴ്‌സലോണയിൽ എന്നപോലെ സ്പെയിൻ ടീമിനും അവൻ വലിയ കരുത്താകും,” ഗാർസിയ കൂട്ടിച്ചേർത്തു.
ടൂർണമെന്റിലെ സ്പെയിനിന്റെ പ്രകടനം എന്തുതന്നെയായാലും യമാലിന്റെ മികവിൽ മാറ്റമുണ്ടാകില്ലെന്ന് ഗാർസിയ ഉറപ്പിച്ചു പറഞ്ഞു.
“നമ്മൾ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും, എന്നെ സംബന്ധിച്ചിടത്തോളം അവൻ മികച്ച താരം തന്നെയാണ്. ഒരുപക്ഷേ ലോകകപ്പ് നേടുകയാണെങ്കിൽ അത് കൂടുതൽ വ്യക്തമാകും.”
യൂറോ 2024 കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ലോകകപ്പിനെത്തുന്ന സ്പെയിൻ ടീമിൽ യമാലിന്റെ പ്രാധാന്യത്തെക്കുറിച്ചും ബാഴ്‌സലോണ ഡിഫൻഡർ പരാമർശിച്ചു.

