1994-ലെ ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് ഇറ്റലിയുടെ റോബർട്ടോ ബാജിയോ തലകുനിച്ച് നിശ്ചലനായി നിൽക്കുന്നത്. ബ്രസീലിനെതിരായ ഫൈനലിൽ നിർണ്ണായകമായ പെനാൽറ്റി ബാർ കടന്ന് പുറത്തേക്ക് പോയതിന് ശേഷമായിരുന്നു ആ കാഴ്ച. ആ മിസ്സോടെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിന് ബ്രസീൽ വിജയിക്കുകയും നാലാം തവണയും ലോകകപ്പ് കിരീടം ഉയർത്തുകയും ചെയ്തു. ഫ്രാങ്കോ ബരേസിയും ഡാനിയേലെ മാസാരോയും അന്ന് പെനാൽറ്റി പാഴാക്കിയെങ്കിലും, ടൂർണമെന്റിലുടനീളം മികച്ച പ്രകടനവുമായി ഇറ്റലിയെ ഫൈനലിലെത്തിച്ച ബാജിയോയിലാണ് എല്ലാ സമ്മർദ്ദവും വന്നുചേർന്നത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളിലൊന്നായി ഇന്നും ആ ചിത്രം ഓർമ്മിക്കപ്പെടുന്നു.
പസഡെനയിലെ ആ മിസ്സ് ബാജിയോ 1994-ൽ പുറത്തെടുത്ത മികച്ച പ്രകടനങ്ങളെ മറച്ചുവെക്കുന്നുണ്ട്. ഫൈനലിന് മുൻപായി അഞ്ച് ഗോളുകൾ നേടി ഇറ്റലിയുടെ കുതിപ്പിന് ചുക്കാൻ പിടിച്ചത് ബാജിയോയായിരുന്നു.
അയർലൻഡിനെതിരായ തോൽവിയോടെയായിരുന്നു അമേരിക്കയിലെ ഇറ്റലിയുടെ തുടക്കം. നോർവേയെ 1-0ത്തിന് തോൽപ്പിക്കുകയും മെക്സിക്കോയുമായി സമനില പിടിക്കുകയും ചെയ്തതോടെയാണ് അവർ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയത്. ഗ്രൂപ്പിലെ നാല് ടീമുകളും തുല്യ പോയിന്റുകളിൽ എത്തിയെങ്കിലും ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ഇറ്റലി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു.
സ്പെയിനിനെതിരായ ക്വാർട്ടർ ഫൈനലിൽ 88-ാം മിനിറ്റിൽ ബാജിയോ നേടിയ ഗോളാണ് ഇറ്റലിയെ 2-1ന് സെമിയിലെത്തിച്ചത്. കടുത്ത സമ്മർദ്ദത്തിനിടയിലും വിജയം നേടിക്കൊടുക്കുന്ന താരമെന്ന നിലയിൽ ബാജിയോയുടെ പ്രശസ്തി വർദ്ധിച്ചു. ഇറ്റലിയുടെ ലോകകപ്പ് സ്വപ്നങ്ങളെ സജീവമാക്കി നിലനിർത്തുന്നതിൽ അദ്ദേഹത്തിന്റെ പ്രകടനം നിർണ്ണായകമായി.
ബൾഗേറിയക്കെതിരായ സെമിഫൈനലിൽ ഇറ്റലിയുടെ രണ്ട് ഗോളുകളും ബാജിയോയുടെ വകയായിരുന്നു. 2-1 എന്ന വിജയത്തോടെ ഇറ്റലി ഫൈനലിൽ കടന്നു. പന്തിന്റെ നിയന്ത്രണവും ചാതുര്യവും വെളിവാക്കിയതായിരുന്നു അദ്ദേഹത്തിന്റെ ആ പ്രകടനങ്ങൾ. എന്നാൽ ഫൈനലിൽ ബാജിയോ ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല.
1994-ലെ ലോകകപ്പ് ഫൈനലിൽ 120 മിനിറ്റ് പിന്നിട്ടിട്ടും ഇറ്റലിക്കും ബ്രസീലിനും ഗോൾ നേടാനായില്ല. തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഫ്രാങ്കോ ബരേസിയും ഡാനിയേലെ മാസാരോയും പെനാൽറ്റികൾ പാഴാക്കിയതോടെ ഇറ്റലി സമ്മർദ്ദത്തിലായി. സ്കോർ 3-2 എന്ന നിലയിൽ നിൽക്കെ, കളിയിലേക്ക് തിരിച്ചുവരാൻ ബാജിയോയുടെ ഗോൾ അനിവാര്യമായിരുന്നു.
ഏറെ സമ്മർദ്ദത്തോടെ കിക്കെടുത്ത ബാജിയോയുടെ പന്ത് ബാറിന് മുകളിലൂടെയാണ് പോയത്. ഇതോടെ ബ്രസീൽ നാലാം തവണയും ലോകചാമ്പ്യന്മാരായി. ബ്രസീലിയൻ ഗോൾകീപ്പർ ക്ലോഡിയോ തഫാരേൽ ആഘോഷത്തിൽ മുഴുകുമ്പോൾ, നിശ്ചലനായി നിൽക്കുന്ന ബാജിയോയുടെ ചിത്രം ലോകകപ്പ് ചരിത്രത്തിലെ മായാത്ത ഓർമ്മയായി മാറി.
ബാജിയോയുടെ മനസ്സിലെ നോവ്
1994-ലെ ആ ഫൈനലിന് ശേഷം മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും ആ നിമിഷത്തിന്റെ വേദന ബാജിയോയെ വേട്ടയാടുന്നുണ്ട്. ആ സമയത്ത് താൻ അനുഭവിച്ച മാനസിക പ്രയാസം ചെറുതായിരുന്നില്ലെന്ന് അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.
“അന്ന് എന്റെ കയ്യിൽ ഒരു കത്തി ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്നെത്തന്നെ കുത്തുമായിരുന്നു. ഒരു തോക്കുണ്ടായിരുന്നെങ്കിൽ വെടിവെക്കുമായിരുന്നു. ആ നിമിഷം മരണം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്,” ബാജിയോ ദി അത്‌ലറ്റിക്സിനോട് പറഞ്ഞു.

