മാഞ്ചസ്റ്റർ യുണൈറ്റഡ് അരങ്ങേറ്റം: ഡിയോഗോ ഡാലോട്ടിനെ ഉണർത്താൻ മൗറീഞ്ഞോ പയറ്റിയ തന്ത്രം ഇതായിരുന്നു
ചാമ്പ്യൻസ് ലീഗിൽ യങ് ബോയ്സിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ അരങ്ങേറ്റ മത്സരത്തിന് മുന്നോടിയായി ജോസ് മൗറീഞ്ഞോ പ്രയോഗിച്ച മനശാസ്ത്രപരമായ തന്ത്രത്തെക്കുറിച്ച് ഡിയോഗോ ഡാലോട്ട് ‘ദി പ്ലെയേഴ്സ് ട്രിബ്യൂണി’ൽ വിവരിക്കുന്നു.
പരിക്കിൽ നിന്ന് മോചിതനായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ ഡാലോട്ട്. എങ്കിലും ആ കൗമാരക്കാരനെക്കൊണ്ട് തന്റെ കഴിവ് തെളിയിപ്പിക്കാൻ മൗറീഞ്ഞോ ആ മത്സരത്തിൽ ഡാലോട്ടിനെ ഉൾപ്പെടുത്തി. ആ സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്ന മൈക്കൽ കാരിക്കിന്റെ സാന്നിധ്യത്തിലായിരുന്നു ഈ തീരുമാനമെന്നും ഡാലോട്ട് ഓർക്കുന്നു.
“മൗറീഞ്ഞോ എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു, ‘നീ കളിക്കാൻ തയ്യാറല്ലെന്നാണ് എന്റെ അസിസ്റ്റന്റുമാർ പറയുന്നത്.’ അപ്പോൾ ഞാൻ പറഞ്ഞു, ‘എന്തിന്? ഞാൻ നന്നായി പരിശീലിക്കുന്നുണ്ടല്ലോ. സർ, ഞാൻ തയ്യാറാണ്!’ അദ്ദേഹം മറുപടി നൽകി, ‘എനിക്കറിയാം, അതുകൊണ്ടാണ് നിന്നെ ഞാൻ ടീമിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ പരിശീലക സംഘത്തിലുള്ള ആർക്കും നീ കളിക്കാൻ തയ്യാറാണെന്ന് തോന്നുന്നില്ല.'”
“എനിക്ക് വലിയ ദേഷ്യം തോന്നി. ഞാൻ പരിശീലക സംഘത്തെ ദേഷ്യത്തോടെ നോക്കി. അന്ന് അവിടെയുണ്ടായിരുന്ന പരിശീലകരിലൊരാളായിരുന്നു മൈക്കൽ കാരിക്ക് എന്നത് രസകരമായ കാര്യമാണ്. ഞാൻ എന്നെത്തന്നെ മത്സരത്തിനായി സജ്ജമാക്കി. പിറ്റേദിവസം എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്ന് ഞാൻ കളിച്ചു. ഞങ്ങൾ 3-0ത്തിന് ജയിക്കുകയും ചെയ്തു. മത്സരശേഷം മൗറീഞ്ഞോ എന്റെ കൈപിടിച്ചു കുലുക്കി, കണ്ണുചിമ്മിക്കൊണ്ട് എന്റെ ചെവിയിൽ മന്ത്രിച്ചു. ‘നീ തയ്യാറാണെന്ന് എനിക്കറിയാമായിരുന്നു.’ പരിശീലക സംഘം അപ്പോൾ എന്തെങ്കിലും പറഞ്ഞോ? എനിക്ക് തോന്നുന്നത്… അവർ ഒന്നും മിണ്ടിയില്ല എന്നാണ്.”

