യൂറോപ്യൻ ഫുട്ബോളിലെ പുതിയ താരം: എബ്രിമ തുങ്കാരയെ സുരക്ഷിതമാക്കി ബാഴ്സലോണ
യൂറോപ്യൻ ഫുട്ബോളിൽ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന കൗമാര താരം എബ്രിമ തുങ്കാരയെ സ്വന്തം തട്ടകത്തിൽ നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് ബാഴ്സലോണ.
പതിനേഴ് വയസിന് താഴെയുള്ളവരുടെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തോടെയാണ് പതിനാറുകാരനായ ഈ വിങ്ങർ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത്. ടൂർണമെന്റിലുടനീളം സ്പെയിനിനായി എല്ലാ മത്സരങ്ങളിലും സ്റ്റാർട്ടിങ് ഇലവനിൽ ഇടംപിടിച്ച ഏക താരമാണ് തുങ്കാര. എസ്റ്റോണിയക്കെതിരായ അരങ്ങേറ്റ മത്സരത്തിൽ 50 മിനിറ്റിനുള്ളിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. ടൂർണമെന്റിൽ ആകെ ഒരു ഗോളും അഞ്ച് അസിസ്റ്റുകളുമാണ് തുങ്കാരയുടെ സമ്പാദ്യം.
മാർക്ക് ഗിയു, ഡ്രോ തുടങ്ങിയ താരങ്ങൾ ക്ലബ് വിട്ടതിന്റെ പശ്ചാത്തലത്തിൽ, അക്കാദമി താരങ്ങളെ സംരക്ഷിക്കുന്നതിനായി ബാഴ്സലോണ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. 2008-ന് ശേഷം ജനിച്ച അക്കാദമി താരങ്ങൾക്കായി പ്രത്യേക ‘ടയർഡ് റിലീസ് ക്ലോസ്’ (tiered release clause) സംവിധാനമാണ് ക്ലബ് നടപ്പിലാക്കിയത്.
നിലവിൽ ബി ടീമിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന തുങ്കാരയുടെ റിലീസ് ക്ലോസ് ഏകദേശം 20 ദശലക്ഷം യൂറോയാണ്. എന്നാൽ താരത്തിന്റെ ഓരോ മുന്നേറ്റത്തിനനുസരിച്ച് ഈ തുക വർദ്ധിക്കും. സീനിയർ ടീമിനായി പത്ത് മത്സരങ്ങൾ പൂർത്തിയാക്കുന്നതോടെ റിലീസ് ക്ലോസ് മറ്റ് ക്ലബ്ബുകൾക്ക് അപ്രാപ്യമായ രീതിയിൽ ഉയരുമെന്നാണ് കണക്കുകൂട്ടൽ.
ജൂലൈ 13-ന് ഹാൻസി ഫ്ലിക്കിന്റെ കീഴിൽ നടക്കുന്ന ബാഴ്സലോണയുടെ പ്രീ-സീസൺ ക്യാമ്പിൽ തുങ്കാര പങ്കെടുക്കും. ബാഴ്സലോണ ഈ കൗമാര താരത്തിന് നൽകുന്ന വലിയ പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

